കര്‍ഷകനോട് 'പോയി ചാവാന്‍' ആവശ്യപ്പെട്ട് കര്‍ണാടക മന്ത്രി; വിവാദം
കര്‍ഷകനോട് 'പോയി ചാവാന്‍' പറയുന്ന കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടിയുടെ ഓഡിയോ ക്ലിപ്പാണ് വിവാദമായത്.
ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി മന്ത്രിയുടെ വിവാദ ഓഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കര്‍ഷകനോട് 'പോയി ചാവാന്‍' പറയുന്ന കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടിയുടെ ഓഡിയോ ക്ലിപ്പാണ് വിവാദമായത്.
കന്നഡയിലുള്ള ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.
അരി വിതരണവുമായി ബന്ധപ്പെട്ട് കര്‍ഷകന്‍ ചോദിച്ച ചോദ്യമാണ് മന്ത്രിയെ പ്രകോപിതനാക്കിയത്. ഈ കോവിഡ് കാലത്ത്, ജീവിതചിലവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 5 കിലോ അരി സംസ്ഥാന ഭക്ഷ്യ വകുപ്പ് രണ്ടു കിലോയായി കുറച്ചതിനെക്കുറിച്ചുള്ള ചോദ്യമാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്.
സര്‍ക്കാര്‍ നല്‍കുന്ന രണ്ട് കിലോ അരി ഞങ്ങള്‍ക്ക് മതിയാകുന്നതാണോ എന്ന ചോദ്യത്തിന് 3 കിലോ റാഗിയും നല്‍കുന്നുണ്ടെന്നു മന്ത്രി മറുപടി പറഞ്ഞു. പക്ഷേ അത് കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലൊന്നും ലഭിക്കുന്നില്ലെന്ന് കര്‍ഷകന്‍ മന്ത്രിയെ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ 5 കിലോ അരിയും ഗോതമ്പും നല്‍കുമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ അതുവരെ ഞങ്ങള്‍ പട്ടിണി കിടക്കണോ അതോ മരിക്കണോ എന്ന് വേദനയോടെ കര്‍ഷകന്‍ ചോദിച്ചു. അതു തന്നെയാണ് നിങ്ങള്‍ക്ക് നല്ലത്, പോയി ചാവു എന്നായിരുന്നു ഉമേഷ് കട്ടിയുടെ രോഷത്തോടെയുളള മറുപടി.
സംഭവം വിവാദമായതോടെ നിരവധി പേര്‍ മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. അതേ സമയം കര്‍ഷകന്റെ ചോദ്യം പ്രകോപിക്കത്തക്കരീതിയിലുള്ളതായിരുന്നെന്നും അതിനനുസരിച്ച് മറുപടി പറഞ്ഞു പോയതാണെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രി നേരത്തേയും ഇത്തരത്തില്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്.