'ഹിജാബിന് വിലക്ക്, ഗണേശ ചതുര്‍ത്ഥിക്ക് അനുമതി'; സ്‌കൂളുകളില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

Update: 2022-08-18 04:38 GMT

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. 'ഈ വര്‍ഷം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്, എല്ലാ വര്‍ഷത്തേയും പോലെ അവര്‍ക്ക് അത് തുടരാം,' ബംഗളൂരുവില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നാഗേഷ് പറഞ്ഞു.

മതപരമായ കാരണം പറഞ്ഞ് ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാര്‍ ഗണേശ ചതുര്‍ത്ഥിക്ക് അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്. വിദ്യാലയങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. ഹിജാബ് വിഷയത്തിലുള്ള സര്‍ക്കാര്‍ നിലപാട് കപടമാണെന്ന് തെളിയിക്കുന്ന് തെളിയിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും ഗണപതിയെ പ്രതിഷ്ഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രി അനുമതി നല്‍കിയത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ശ്രമമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അതാവുല്ല പുഞ്ചല്‍ക്കാട്ടെ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്. വിരോധാഭാസമെന്നു പറയട്ടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ആചാരങ്ങള്‍ അനുവദനീയമല്ല എന്ന് ഒരിക്കല്‍ പറഞ്ഞത് ഇതേ മന്ത്രി തന്നെയാണ്. അതാവുല്ല കൂട്ടിച്ചേര്‍ത്തു.

ഗണേശ വിഗ്രഹങ്ങള്‍ക്ക് അനുമതി നല്‍കുകയും മറ്റ് സമുദായങ്ങളെ അവരുടെ മതപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന നീക്കം അന്യായമാണെന്ന് കാംപസ് ഫ്രണ്ട് അംഗം സയ്യിദ് മുഈന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ആചാരങ്ങളോ ഹിജാബ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള മതപ്രകടനങ്ങളോ അനുവദനീയമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നെ എന്തിനാണ് ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്? ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതിനെ ഉദ്ധരിച്ച്, ബിജെപി സര്‍ക്കാര്‍ 'ഒരു സമുദായത്തെ അനുകൂലിച്ച്' മറ്റ് മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് കോളജില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഹിജാബ് വിവാദം ഉയര്‍ന്നത്. ബിജെപി സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. യൂനിഫോം നിലവിലുള്ള സ്‌കൂളുകളിലും പ്രീയൂനിവേഴ്‌സിറ്റി കോളജുകളിലും ശിരോവസ്ത്രവും മറ്റ് മതപരമായ വസ്ത്രങ്ങളും അനുവദിക്കില്ലെന്ന് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

മുസ്‌ലിം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ട് മാര്‍ച്ച് 15 ന് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സര്‍ക്കാര്‍ തീരുമാനം ശരിവച്ചു. ഉത്തരവിനെതിരെയുള്ള അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Tags:    

Similar News