ബാബരി മസ്ജിദ് ധ്വംസനം: കര്‍ണാടകയിലെ കലാപക്കേസില്‍ 31 വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തിലെ പ്രതിയെ 31 വര്‍ഷത്തിന് ശേഷം കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ജില്ലയിലെ പൂജാരി(50)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവസമയം പ്രതിക്ക് 20 വയസ്സാണ് പ്രായം. അതേസമയം, കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു പ്രവര്‍ത്തകരെ 'ഭീകരവല്‍ക്കരിക്കുകയാ'ണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 31 വര്‍ഷം പഴക്കമുള്ള കേസ് വീണ്ടും തുറക്കുകയാണ്. രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഹുബ്ബള്ളിയിലെ രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അവരെ വേട്ടയാടുകയാണ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടക്കാനിരിക്കെയാണ് നടപടിയെന്നു മുന്‍ മന്ത്രി ആര്‍ അശോക ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രാമഭക്തരെ ജയിലിലേക്ക് അയച്ച് ഭയപ്പെടുത്തുകയാണ്. ഞാനും മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. എന്നെയും യെദ്യൂരപ്പയെയും അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്നും അശോക ചോദിച്ചു.
1992 ഡിസംബര്‍ 6ന് സംഘപരിവാര കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം രാജ്യത്തുടനീളം വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കലാപകാരികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുകയും വിഷയം അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. ഇതിനുശേഷം പ്രതികളില്‍ പലരും ഒളിവില്‍പോയിരുന്നു.