രാമവിഗ്രഹ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിരോധനാജ്ഞ

Update: 2024-01-23 13:56 GMT
രാമവിഗ്രഹ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിരോധനാജ്ഞ

ഗുല്‍ബര്‍ഗ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിഗ്രഹഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുല്‍ബര്‍ഗ ജില്ലയിലെ വാഡി ടൗണില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അനിഷ്ട സംഭവങ്ങള്‍ തടയാനുമുള്ള മുന്‍കരുതല്‍ നടപടിയായി ജനുവരി 25ന് രാവിലെ 6 വരെ ഐപിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി പോലിസ് അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടിയായി ചിറ്റാപൂര്‍ താലൂക്കിലെ വാഡി പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    അതിനിടെ, ഗുല്‍ബര്‍ഗ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കോട്‌നൂര്‍ ഗ്രാമത്തിലെ ഡോ. ബി ആര്‍ അംബേദ്കര്‍ പ്രതിമ നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ദലിത് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമികള്‍ അംബേദ്കറുടെ പ്രതിമയില്‍ ചെരുപ്പ് മാല ചാര്‍ത്തുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളാണ് പ്രതിഷേധം നടത്തിയത്.

Tags:    

Similar News