ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡി ശിവകുമാറും സിദ്ധരാമയ്യയും അറസ്റ്റില്‍
ബെംഗളൂരു: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ നേതാക്കളെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 800 പെട്രോള്‍ പമ്പുകളിളിലാണ് '100 നോട്ട് ഔട്ട്' പ്രതിഷേധം നടന്നത്. ഇതിനു പുറമെ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോകള്‍, ട്വീറ്റുകള്‍ എന്നിവയുടെ രൂപത്തില്‍ 25,000 ത്തിലധികം പേര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
ഈവര്‍ഷം മാത്രം ഇന്ധനവില 48 തവണ വര്‍ധിപ്പിച്ചെന്നും ഇത് 'പകല്‍ക്കൊള്ള'യാണെന്നും ഡി ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2021 ല്‍ ബിജെപി പെട്രോള്‍ വില 48 തവണ ഉയര്‍ത്തി. മധ്യവര്‍ഗത്തിന് എത്ര ശമ്പള വര്‍ധനവ് ലഭിച്ചു?. മിനിമം വേതനം എത്രയാണ് ഉയര്‍ത്തിയത്?. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം എത്ര വര്‍ധിപ്പിച്ചു?. എത്ര തവണ കര്‍ഷകരുടെ എംഎസ്പികള്‍ വര്‍ധിച്ചു? ഇത് ബിജെപിയുടെ പകല്‍ കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഭാരം അനുഭവിക്കുന്നുണ്ട്. പെട്രോളിന് നികുതി എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ എല്ലാവരുടെയും പോക്കറ്റടിക്കുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പെട്രോളിന്മേലുള്ള നികുതിയില്‍ നിന്ന് 20.60 ലക്ഷം കോടി രൂപ ബിജെപി സര്‍ക്കാര്‍ സ്വരൂപിച്ചു. മോദിക്ക് പുതിയ കൊട്ടാരം പണിയാനായി ബിജെപി ഇന്ധനനികുതി വര്‍ധിപ്പിക്കുകയാണ്. 2022 ല്‍ 120 രൂപയായിരുന്നത് 2023 ല്‍ 160 രൂപയായും 2024 ല്‍ 200 രൂപയായും പെട്രോള്‍ വില വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് കേന്ദ്രം സാധാരണക്കാരുടെ മുറിവിന് ഉപ്പ് പുരട്ടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആളുകളുടെ രക്തം കുടിക്കുന്നതില്‍ ഈ സര്‍ക്കാരിനു ലജ്ജയില്ലേ..? ഈ സര്‍ക്കാര്‍ ഒരു അട്ടയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. നരേന്ദ്ര മോദി തുടര്‍ച്ചയായി കള്ളം പറയുകയും തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരേ 'നോട്ട് 100 ട്ട് 100' എന്ന പ്രമേയത്തിലുള്ള കോണ്‍ഗ്രസിന്റെ അഞ്ച് ദിവസത്തെ പ്രതിഷേധത്തിന്റെ ആദ്യത്തേതാണ് ഇന്ന് നടന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധം നടന്നു.
കെപിസിസി മുന്‍ പ്രസിഡന്റ് ആര്‍ വി ദെശ്പംദെയ്, ദിനേശ് ഗുണ്ടുറാവു, മുന്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, കര്‍ണാടക നിയമസഭാ മുന്‍ ചീഫ് വിപ്പ് അശോക് പതന്ന, നിയമസഭാംഗം വി ആര്‍ സുദര്‍ശന്‍, ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് ജി ശേഖര്‍, ഗാന്ധി നഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശരവണന്‍, ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Karnataka: Shivakumar, Siddaramaiah arrested during Congress' '100 Not Out' protest against fuel price hike