അഹിന്ദുക്കളുടെ വാഹനപാര്‍ക്കിങിന് വിലക്കുമായി കര്‍ണാടകയിലെ ക്ഷേത്രം
പുത്തൂര്‍ താലൂക്കിലെ 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചരിത്രപ്രധാനമായ മഹാതോഭര മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് ആണ് അഹിന്ദുക്കളുടെ വാഹന പാര്‍ക്കിങ് നിരോധിച്ചത് വിവാദത്തില്‍ അകപ്പെട്ടത്.
ബെംഗളൂരു: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരികയാണെന്ന റിപോര്‍ട്ടുകള്‍ക്കിടെ അഹിന്ദുക്കളുടെ വാഹനപാര്‍ക്കിങിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടകയിലെ ക്ഷേത്ര മാനേജ്‌മെന്റ്. പുത്തൂര്‍ താലൂക്കിലെ 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ചരിത്രപ്രധാനമായ മഹാതോഭര മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് ആണ് അഹിന്ദുക്കളുടെ വാഹന പാര്‍ക്കിങ് നിരോധിച്ചത് വിവാദത്തില്‍ അകപ്പെട്ടത്.
ക്ഷേത്രത്തിന് മുമ്പിലുള്ള ദേവമാരു ഗഡ്ഡെ പ്രദേശത്ത് ഹിന്ദുക്കളല്ലാത്തവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് നോട്ടീസ് ബോര്‍ഡും പതിച്ചിട്ടുണ്ട്.മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബോര്‍ഡില്‍ മുന്നറിയിപ്പ് നല്‍കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഹിന്ദുക്കളല്ലാത്തവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍, ക്ഷേത്രം സന്ദര്‍ശിക്കുന്ന ഹിന്ദു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ക്ഷേത്രം മാനേജ്‌മെന്റ് പ്രസിഡന്റ് മാളിയ കേശവ പ്രസാദ് അവകാശപ്പെട്ടു.
ബജ്‌രംഗ് ദള്‍ അംഗങ്ങളും ഹിന്ദു ജാഗരണ്‍ വേദികെ ഉള്‍പ്പെടെയുള്ള നിരവധി ആരാധകര്‍ ക്ഷേത്രത്തിന് മുന്നില്‍ അഹിന്ദുക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം വരുന്നത്.
സംഭവത്തില്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായി പോലിസ് നടപടി ആരംഭിക്കുമെന്ന് ദക്ഷിണ കന്നഡ പോലിസ് സൂപ്രണ്ട് സോനാവനെ ശഷെികേശ് പറഞ്ഞു. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് ക്ഷേത്ര ഭരണസമിതിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഐഎഎന്‍എസ് റിപോര്‍ട്ടില്‍ പറയുന്നു.