കാസര്‍കോട്: കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകത്തിന്റെ ക്രൂരതയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു. അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് പോയി ചികില്‍സ തേടാനാവാതെ കാസര്‍കോട് രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും അതിര്‍ത്തിപ്രദേശമായ തലപ്പാടിക്കു സമീപമുള്ളവരാണ്. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വച്ച് വൈകിട്ട് 5.15 ഓടെയാണ് മാധവന്‍ മരിച്ചത്.
ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയില്‍ വച്ച് വൈകീട്ട് 5.30ഓടെയാണ് മരണപ്പെട്ടത്. കാറിലാണു ആയിഷയെ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോയത്.