വഴി തടസ്സം കര്‍ണാടകക്കാര്‍ക്കു തന്നെ ക്രൂരതയായി; മൃതദേഹമെത്തിച്ചത് എട്ടുകിലോമീറ്റര്‍ ചുമന്ന്
മൃതദേഹം അതിര്‍ത്തി കടന്ന് വാഹനം വഴി എത്തിക്കാനുള്ള ശ്രമമാണ് കര്‍ണാടക പോലിസിന്റെ തടസ്സംകാരണം നടക്കാതെപോയത്. തുടര്‍ന്ന് കാട്ടിലെ ഊടുവഴികളിലൂടെ 8 കിലോ മീറ്റര്‍ ദൂരം മൃതദേഹം ചുമന്നാണ് വീട്ടിലെത്തിച്ചത്.
മഞ്ചേശ്വരം: കൊറോണ വ്യാപനത്തിന്റെ പേരുപറഞ്ഞ് വഴി മണ്ണിട്ടടച്ച കര്‍ണാടകയുടെ നടപടി സ്വന്തം നാട്ടുകാര്‍ക്ക് തന്നെ ക്രൂരതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വ്യാപാരിയുടെ മൃതദേഹം നാട്ടുകാര്‍ വീട്ടിലെത്തിച്ചത് എട്ടു കിലോമീറ്റര്‍ ചുമന്ന്. കര്‍ണാടക പെറുവായി മാനില സ്വദേശിയും കേരള പ്രദേശമായ കനിയാലയിലെ പലചരക്ക് വ്യാപാരിയുമായ ഹൈദര്‍(49) ആണ് ഞായറാഴ്ച്ച രാവിലെ 11ഓടെ കടയില്‍ വച്ചു കുഴഞ്ഞുവീണത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഉപ്പള ബന്തിയോട് ഡിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കര്‍ണാടകയിലെ വീട്ടിലേക്ക് വാഹനത്തിലേക്കു കൊണ്ടുപോവാന്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനായില്ല. മൃതദേഹം അതിര്‍ത്തി കടന്ന് വാഹനം വഴി എത്തിക്കാനുള്ള ശ്രമമാണ് കര്‍ണാടക പോലിസിന്റെ തടസ്സംകാരണം നടക്കാതെപോയത്. തുടര്‍ന്ന് കാട്ടിലെ ഊടുവഴികളിലൂടെ 8 കിലോ മീറ്റര്‍ ദൂരം മൃതദേഹം ചുമന്നാണ് വീട്ടിലെത്തിച്ചത്.
കര്‍ണാടക അതിര്‍ത്തിയടച്ചതു മൂലം ഞായറാഴ്ച്ച മാത്രം രണ്ടുപേര്‍ മഞ്ചേശ്വരത്ത് മരണപ്പെട്ടിരുന്നു. ഹൊസങ്കടി അങ്കടിപദവ് സ്വദേശി രുദ്രപ്പ(61), തുമിനാട് സ്വദേശി യൂസുഫ് (55) എന്നിവരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ കേരള അതിര്‍ത്തിയില്‍ മണ്ണിട്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് മലയാളികള്‍ക്കു പുറമെ കന്നഡകാര്‍ക്കും ദുരിതമാവുകയാണ്.