കര്‍താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങിന് ക്ഷണം, മോദിയെ അവഗണിച്ച് പാകിസ്താന്‍

കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിനെ ക്ഷണിക്കാന്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

Update: 2019-09-30 12:54 GMT

ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ ക്ഷണിക്കാനൊരുങ്ങി ഇംറാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക് ഭരണകൂടം. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിനെ ക്ഷണിക്കാന്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

കര്‍താര്‍പൂര്‍ ഇടനാഴി തുറന്ന് കൊടുക്കുന്നതോടെ പാകിസ്താന് വലിയ പ്രാധാന്യവും മൂല്യവും കൈവരും. വിശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യാതിഥിയായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ക്ഷണിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്ന് ഖുറേഷി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ക്ഷണം മന്‍മോഹന്‍സിങിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിങ് മത വിശ്വാസിയും പാകിസ്താനില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമാണ് അതിനാലാണ് തങ്ങള്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതെന്നും ഖുറേഷി പറഞ്ഞു. അടുത്ത മാസം ഒമ്പതിനാണ് കര്‍താര്‍പൂര്‍ ഇടനാഴി ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.

പാകിസ്താനിലെ കര്‍താര്‍പൂരിലെ ഗുരു നാനാക്കിന്റെ അന്തിമ വിശ്രമ കേന്ദ്രമായ ദര്‍ബാര്‍ സാഹിബിനെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുന്നതിനായി ഇന്ത്യയും പാകിസ്താനും ചേര്‍ന്നാണ് കര്‍താര്‍പൂര്‍ ഇടനാഴി നിര്‍മിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകരുടെ വിസ രഹിത യാത്രയ്ക്ക് ഇത് സൗകര്യമൊരുക്കും.

ഇന്ത്യന്‍ അതിര്‍ത്തി മുതല്‍ കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് വരെയുള്ള ഇടനാഴി പാകിസ്താനും മറുവശത്ത് ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്ക് മുതല്‍ അതിര്‍ത്തി വരെ ഇന്ത്യയ്ക്കുമാണ് നിര്‍മാണച്ചുമതല. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മോദി ക്ഷണിക്കാതിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, പാക് ക്ഷണം മന്‍ മോഹന്‍സിങ് നിരസിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.


Tags:    

Similar News