ബിജെപിയിലെ ഭിന്നത വീണ്ടും മറനീങ്ങുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരേ കാസര്‍കോട് ജില്ലയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍
കാസര്‍കോട്: ജില്ലയിലെ ബിജെപി ഘടകത്തില്‍ ഉടലെടുത്തിരുന്ന വിഭാഗീയത വീണ്ടും മറനീങ്ങുന്നു. സംസ്ഥാന സെക്രട്ടറിക്കെതിരേ ജില്ലയില്‍ പലയിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ.കെ ശ്രീകാന്തിനെതിരെയാണ് വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോര്‍ഡുകള്‍. 'സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ജില്ലയില്‍ ബിജെപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുന്‍ ജില്ലാ പ്രസിഡന്റിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ ആദരം' എന്ന് മലയാളത്തിലും കന്നടയിലും എഴുതിയതാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍.
കാസര്‍കോട് നഗരത്തിലും മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളിലുമാണ് ഫ്‌ളക്‌സുകള്‍ രാവിലെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജില്ലയില്‍ അല്‍പം ശമനമുണ്ടായെന്ന് കരുതിയിരുന്ന പാര്‍ട്ടിയിലെ വിഭാഗീയത വീണ്ടും തലപൊക്കിയിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുന്നതിലേക്ക് വരെ ജില്ലയിലെ വിഭാഗീയത എത്തിയിരുന്നു. ഫെബ്രുവരി 20നായിരുന്നു ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് ജില്ലാ കമ്മിറ്റി ഓഫിസ് ഇരുനൂറോളം വരുന്ന പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി ഉപരോധിച്ചത്. കുമ്പളയില്‍ ബിജെപി- സിപിഎം ധാരണയില്‍ വിജയിച്ച സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ പ്രതിഷേധം.
സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുമ്പളയില്‍ ബിജെപി- സിപിഎം ധാരണയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ രാജിവച്ചെങ്കിലും വിഭാഗീയത തുടരുകയായിരുന്നു. കാസര്‍കോട് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തത് നേതാക്കളുടെ അവഗണന കാരണമെന്നാണ് പറഞ്ഞാണ് ജില്ലയില്‍ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയത്. കുമ്പളയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കേസ് കാര്യത്തിലും ഇടപെട്ടില്ലെന്നും ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി രമേശന്‍ സ്ഥാനം രാജിവച്ച് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പട്ട് വാര്‍ത്താസമ്മേളനം നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രിക്കെതിരെയും ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍. ജില്ലാ നേതൃത്വം കഴിവുകെട്ടവരാണെന്നാണ് വിമര്‍ശനം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി രമേശന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹിത്വം രാജിവയ്ക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ ഓഫിസ് പൂട്ടിയ സംഭവങ്ങള്‍ക്കുശേഷം വിഭാഗീയത പുറത്ത് അധികം പ്രകടമായിരുന്നില്ല.
സംസ്ഥാന നേതൃത്വം ഇടപെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ പലതവണ നടത്തി. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുന്നതിനാല്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പരിഹാരം നീണ്ടുപോവുന്നതിനാലാണ് വിമതര്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ ഫ്‌ളക്‌സ് ബോര്‍ഡുമായി രംഗത്തെത്തിയതെന്നാണ് സൂചന. എന്നാല്‍, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിമതപക്ഷത്തുനിന്ന് ആരും സന്നദ്ധരായില്ല.
സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടി, കെ മണികണ്ഠ റൈ എന്നിവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംരക്ഷിക്കുന്നുവെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. ജില്ലയിലെ ബിജെപിയില്‍ ഒരു പ്രശ്‌നമില്ലെന്നും പ്രതിഷേധമുയര്‍ത്തിയവര്‍ ഇപ്പോഴെവിടെയെന്നും കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ ചോദിച്ചതാണ് എതിര്‍വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.