കത്‌വ പീഡനക്കേസ്:വിധി നാളെ ഉണ്ടായേക്കും

കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ദിനേനയെന്നോണമാണ് വിചാരണ നടന്നത്.

Update: 2019-06-09 18:02 GMT
പത്താന്‍കോട്ട്: രാജ്യത്തെ നടുക്കിയ കത്‌വ പീഡനക്കേസിലെ വിധി നാളെയുണ്ടായേക്കും.ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലാണ് പഞ്ചാബ് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിക്കുക. നേരത്തെ തന്നെ സെഷന്‍സ് ജഡ്ജി തേജ്വിന്ദര്‍ സിങ് വിധി ജൂണ്‍ 10ന് പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ദിനേനയെന്നോണമാണ് വിചാരണ നടന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്. ബിജെപി മന്ത്രിയടക്കമുള്ളവരുടെ സംരക്ഷണം പ്രതിക്ക് ലഭിച്ചതോടെ, അന്ന് കശ്മീരില്‍ ഭരിച്ചിരുന്ന ബിജെപി സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദമുണ്ടാവുമെന്നതിനാലായിരുന്നു ഇത്.

2018 ജനുവരി 10നാണ് കത് വയിലെ പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് 17നാണ് എട്ടുവയസ്സുകാരിയുടെ മൃതദേഹം ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പോലിസ്, പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നു എന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ സമുദായമായ ഗുജ്ജാറുകളെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ മുഖ്യപ്രതിയായ സഞ്ചിറാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, അയാളുടെ മകന്‍ വിശാല്‍, മറ്റൊരു അനന്തരവന്‍, രണ്ട് സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്തായ പര്‍വേശ് കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്.

Similar News