'അടുത്ത തവണ ഷാഫി തോല്‍ക്കും'; സഭയില്‍ വിവാദപരാമര്‍ശവുമായി സ്പീക്കര്‍, പ്രതിപക്ഷ ബഹളം

Update: 2023-03-14 07:41 GMT

തിരുവനന്തപുരം: നിയമസഭയില്‍ ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേ വിവാദപരാമര്‍ശവുമായി സ്പീക്കര്‍. എല്ലാവരും നേരിയ മാര്‍ജിനില്‍ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്ത തവണ തോല്‍ക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ പരാമര്‍ശം സഭയില്‍ കടുത്ത പ്രതിപക്ഷ ബഹളത്തിനിടയാക്കി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോണ്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.

എന്നാല്‍, അനുമതി നല്‍കില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളെ വരെ ക്രൂരമായി മര്‍ദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തുടര്‍ന്ന് സഭയില്‍ ഇരുപക്ഷവും തമ്മില്‍ ബഹളമായി.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമുള്ള പ്രശ്‌നങ്ങളും നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്നും നാരോ മാര്‍ജിനുള്ളിടത്ത് പ്രശ്‌നമുണ്ടാവുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അടുത്ത തവണ തോല്‍ക്കുമെന്ന് ഷാഫി പറമ്പിലിനോടു സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി. ഇതോടെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നായി സ്പീക്കര്‍. ബാനറുമായി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷവും സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇതെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളംവച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനര്‍ കെട്ടി, പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. ബ്രഹ്മപുരം വിഷയത്തില്‍ മന്ത്രി പി രാജീവ് മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. പിന്നാലെ പ്രതിപക്ഷത്തിന് സ്പീക്കര്‍ നടപടി മുന്നറിയിപ്പ് നല്‍കി. ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് സ്പീക്കര്‍ പറഞ്ഞു.

Tags:    

Similar News