ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് വീണ്ടും സ്വന്തം മന്ത്രി

ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്

Update: 2021-05-18 12:21 GMT

കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എറണാകുളത്തിന് സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. കഴിഞ്ഞ പിണറായി വിജയന്‍ മന്ത്രിസഭയില്‍ എറണാകുളം ജില്ലയില്‍ നിന്നും അഞ്ചു എംഎല്‍എമാരുണ്ടായിരുന്നുവെങ്കിലും കേരളത്തിന്റെ വ്യവസായ തലസ്ഥാനമെന്നറിയപ്പെടുന്ന എറണാകുളത്തിന് ഒരു മന്ത്രി പോലും ഇല്ലായിരുന്നു.എന്നാല്‍ ഇതിനു വിപരീതമായാണ് ഇക്കുറി രണ്ടാം പിണറായി മന്ത്രി സഭയില്‍ കളമശേരിയില്‍ നിന്നും ലീഗ് കോട്ട തകര്‍ത്ത് കന്നിവിജയം സ്വന്തമാക്കിയ പി രാജീവിലൂടെ എറണാകുളത്തിന് മന്ത്രിയെ ലഭിക്കുന്നത്.

ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ ഗണ്യമായ ഒരു പങ്ക് സംഭാവന ചെയ്യുന്ന പ്രമുഖ വാണിജ്യ, വ്യാപര വ്യവസായ നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയ്ക്ക് ആ സംഭാവന വിപുലമാക്കാനുതുകുന്ന ഭാവനസമ്പന്നമായ സമീപനവും നടപടികളും മന്ത്രിസഭയില്‍ നിന്നുണ്ടാകുമെന്ന ഉറപ്പാണ് പി രാജീവിന്റെ മന്ത്രിസ്ഥാനം.ഏകദേശം 30,000ത്തോളം ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. പ്രത്യക്ഷ്യമായി മൂന്നുലേക്ഷത്തോളം പേരും പരോക്ഷമായി അത്രയും തന്നെ ആളുകള്‍ക്കും ജോലി നല്‍കുന്ന ഈ മേഖലയുടെ കൂടുതല്‍ കരുത്തുറ്റ വളര്‍ച്ചയ്ക്ക് ജില്ലയില്‍ നിന്നുള്ള മന്ത്രിക്ക് കൂടുതല്‍ കാര്യക്ഷമമായി പലതും ചെയ്യാന്‍ കഴിയും. വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലെക്സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് അനുബന്ധ വ്യവസായങ്ങള്‍ക്ക് കൂടി തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും ഇനി വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സ്റ്റാര്‍ട് അപ് തരംഗത്തിന്റ ആരംഭവും കൊച്ചിയില്‍ നിന്നായിരുന്നു. നൂറിനടുത്ത് സ്റ്റാര്‍ട് അപ് യൂനിറ്റുകളാണ് ജില്ലയില്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 15 ഓളം യുവ സ്റ്റാര്‍ട് അപ് സംരംഭകര്‍ക്ക് വിദേശ മൂലധനം സമാഹരിക്കാനായി എന്നത് ഈ രംഗത്തെ വിപലുമായ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വളരെ വലിയ ഒരു ഇന്നവേഷന്‍ ഹബ് ആയി കൊച്ചിയെ മാറ്റാനുള്ള കുടുതല്‍ പരഗണനയും കൊച്ചിക്ക് ലഭിക്കാന്‍ പുതിയ മന്ത്രിപദം വഴിതുറക്കമുമെന്നാണ് പ്രതീക്ഷ. കേരള ടൂറിസത്തിന്റെ പ്രധാന ഹബ് ആണ് കൊച്ചി. ഇവിടെയത്തിയശേഷമാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം സര്‍ക്യൂട്ടില്‍ പ്രധാന പങ്ക് വഹിക്കുന്ന കൊച്ചിക്കായി ഭാവനാപൂര്‍ണമായ പദ്ധതികളും ആവിഷ്‌കരിക്കപ്പെടുമെന്നും പ്രതീക്ഷ.

പോരായ്മകള്‍ പരിഹരിച്ച് ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ പൊതുമേഖല സ്ഥാപനങ്ങളെ മാറിയ കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ പരിഷ്‌കരിക്കാനുള്ള നടപടികളും പ്രതീക്ഷിക്കുന്നു. വ്യാപാര, വാണിജ്യ മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളിലും ശ്വശ്വതമായ പരിഹരാത്തിനായുള്ള പരിശ്രമങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷകളും വിപുലമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നു.മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ മേഖലയിലെ പോരായ്മകളും കുടവെള്ളംപോലുള്ള അപര്യാപ്തകളും പരിഹരിക്കുന്നതിനും യുവജനങ്ങളുടെ പ്രതീക്ഷകളെ സഫലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ജില്ലയെ വളരെ അടുത്തറിയാവുന്ന ഒരാളുടെ മന്ത്രിസഭയിലെ പങ്കാളിത്തം പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും സംഘടന പ്രവര്‍ത്തകന്‍ എന്ന നിലയിലും പി രാജീവിന്റെ പ്രവര്‍ത്തന മികവിന് ജില്ല പലവട്ടം നേര്‍സാക്ഷ്യം വഹിച്ചിട്ടണ്ട്.

1967 ല്‍ തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ പി വാസുദേവന്റെയും രാധ വാസുദേവന്റെയും മകനായി ജനിച്ച പി പി രാജീവ്. ബി.എ, എല്‍.എല്‍.ബി, ഡിപ്ലോ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എന്നിവയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജീവിത കാലഘട്ടത്തില്‍ നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പി.രാജീവ്. 2009 ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്‍മാന്‍ പാനലില്‍ അംഗം. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളായ അഡൈ്വസറി കമ്മിറ്റി, പെറ്റിഷന്‍സ് കമ്മിറ്റി ,ഫിനാന്‍സ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി, ഇന്‍ഷൂറന്‍സ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എന്‍ എല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷന്‍ ബില്ല് സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

ഇന്ത്യന്‍ കയര്‍ബോര്‍ഡ് അംഗം, രാജ്യസഭയിലെ സി.പി.ഐ.എം ചീഫ് വിപ്പ്, സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2015, 16 വര്‍ഷങ്ങളിലെ നവ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപക പാനലില്‍ അംഗം. നിലവില്‍ സിപിഎം സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2016 ലെ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം. എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്‌കൂള്‍ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്‌കാരം ,2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുള്ള മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ സ്മാരക പുരസ്‌കാരം, 2014 ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എ.സി.ഷണ്‍മുഖദാസ് പുരസ്‌കാരം, 2010 ല്‍ സി.പി.മമ്മു സ്മാരക പുരസ്‌കാരം, 2006ല്‍ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വര്‍മ്മ പുരസ്‌കാരം, 2017 ലെ സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം, എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വാണി കേസരിയാണ് പി രാജീവിന്റെ ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കളാണ്.

Tags:    

Similar News