കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പാലായില്‍ പ്രതിഫലിച്ചത് മാണി സി കാപ്പന്റെ വ്യക്തമായ പ്രതികാരം. പാലാ വിട്ടുകൊടുക്കാതെ മാണി സി കാപ്പനെ വെല്ലുവിളിച്ച് മല്‍സരരംഗത്തിറങ്ങിയ ജോസ് കെ മാണി ദയനീയ തോല്‍വി ഏറ്റുവാങ്ങുന്ന കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷിയായത്. പതിറ്റാണ്ടുകളോളം കെ എം മാണിയുടെ തട്ടകമായ പാലായില്‍ അനായാസം വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി മല്‍സരരംഗത്തിറങ്ങിയത്. എംപി സ്ഥാനം പോലും രാജിവച്ച് അങ്കത്തിനിറങ്ങിയതും അതിന്റെ ഭാഗമായാണ്. എന്നാല്‍, മാണിയോടുള്ള സ്‌നേഹം പാലാക്കാര്‍ക്ക് മാണിയുടെ മകനോടില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ജോസ് കെ മാണിയ്ക്കാണ് സാധ്യത കല്‍പ്പിച്ചത്. ഇതെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണ്. മാണിയുടെ മരണത്തെത്തുടര്‍ന്ന് അനാഥമായ പാലായില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് വിജയക്കൊടി പാറിച്ച് തിരിച്ചുപിടിച്ച മാണി സി കാപ്പനെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും എല്‍ഡിഎഫ് തഴയുകയാണ് ചെയ്തത്. പാലാ ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന ജോസ് കെ മാണിയുടെ കടുംപിടിത്തത്തിന് മുന്നില്‍ എല്‍ഡിഎഫിന് അടിയറവ് പറയേണ്ടിവന്നു.
മാണി സി കാപ്പനോട് മണ്ഡലം മാറണമെന്ന് ആവശ്യപ്പെട്ട എല്‍ഡിഎഫിനോട് പാലാ ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു കാപ്പന്റെ നിലപാട്. കേരള കോണ്‍ഗ്രസിനെ പിണക്കാതിരിക്കാന്‍ ഒടുവില്‍ പാലാ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെ മാണി സി കാപ്പന്‍ മുന്നണി വിട്ടു. പുതിയ പാര്‍ട്ടി രൂപീകരിച്ച കാപ്പനെ യുഡിഎഫ് ഒപ്പംകൂട്ടി. ഇപ്പോള്‍ മുന്നണി മാറ്റം ശരിയായ തീരുമാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് കാപ്പന്‍. പാലായില്‍ തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ ലീഡ് ലഭിച്ചത് ജോസിന് ആശ്വാസം പകര്‍ന്നു.
എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയപ്പോള്‍ ഒരുഘട്ടത്തില്‍പ്പോലും ജോസിന് മുന്നിലെത്താന്‍ കഴിഞ്ഞില്ല. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജോസിനെ പൂര്‍ണമായും പാലായിലെ ജനം കൈവിടുകയാണുണ്ടായത്. എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുള്ള മേഖലകളില്‍പ്പോലും മാണി സി കാപ്പന്‍ കൃത്യമായ ലീഡ് നേടിയത് ഇടത് മുന്നണി- കേരള കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു. കേരള രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല എങ്കിലും 11,246 വോട്ടിന്റെ ഭൂരിപക്ഷമാണ് അവസാനമായി ലഭിച്ചിരിക്കുന്നത്.
ജോസ് കെ മാണിക്ക് വ്യക്തമായ ആധിപത്യമുള്ള സ്ഥലങ്ങളില്‍ പോലും മാണി സി കാപ്പന്‍ മികച്ച മുന്നേറ്റമാണ് കാണിക്കുന്നത്. പാലായിലെ ജനങ്ങള്‍ മാണി സി കാപ്പനെ നെഞ്ചേറ്റിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിച്ചത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടയകീയമായി മുന്നേറുകയാണ്. പാലായില്‍ മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യമുണ്ടായിരുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ജോസ് കെ മാണി 132 വോട്ടിന് ലീഡ് ചെയ്തു.
എന്നാല്‍, ഇവിഎം എണ്ണിത്തുടങ്ങിയതോടെ മാണി സി കാപ്പന്‍ ലീഡ് തിരിച്ചുപിടിച്ചു. 333 വോട്ടിന് കാപ്പന്‍ ലീഡ് ചെയ്‌തെങ്കിലും വൈകാതെ ജോസ് കെ മാണി ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍, കാപ്പന്‍ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍ 3000ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു. അടുത്ത റൗണ്ടുകളിലെത്തിയപ്പോല്‍ കാപ്പന്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു.