സ്പീക്കര്‍ക്ക് 25 പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍; നാല് ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്

Update: 2022-04-08 14:40 GMT

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സനല്‍ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ കേരളാ നിയമസഭാ സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ വിശദാംശങ്ങളും പുറത്തുവരുന്നു. കേരളാ നിയമസഭാ സ്പീക്കര്‍ക്ക് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിട്ടുള്ളത് 25 പേരാണ്. ഇതില്‍ 13 പേര്‍ ഗസറ്റഡ് റാങ്ക് പദവിയിലുള്ള ഉദ്യോഗസ്ഥരാണ്. 23,000 മുതല്‍ 1,63,400 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നുണ്ട്.

അതേസമയം, സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ അംഗങ്ങളായിട്ടുള്ള നാല് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാന്‍ സ്പീക്കറുടെ ഓഫിസ് തയ്യാറായില്ല. ഇവരുടെ വിദ്യാഭ്യാസ യോഗ്യത ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ മറുപടി. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന സമിതി അംഗം അഡ്വ. എം കെ ഷറഫുദ്ദീനാണ് സ്പീക്കറുടെ ഓഫിസിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ കെ മുഷ്താഖ്, പേഴ്‌സനല്‍ അസിസ്റ്റന്റ് കെ വി സുബ്രഹ്മണ്യന്‍, അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് പി ഗിരിജാ ബായ്, അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ് എം കെ റിജു എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയാണ് ലഭ്യമല്ലെന്ന് സ്പീക്കറുടെ ഓഫിസ് മറുപടി നല്‍കിയത്.

മുഷ്താഖിന് 1,07,800- 1,60,000 രൂപയും കെ വി സുബ്രഹ് മണ്യന് 50,200- 1,05,300 രൂപയും പി ഗിരിജാ ബായിക്ക് 50,200- 1,05,300 രൂപയും എം കെ റിജുവിന് 50,200- 1,05,300 രൂപയുമാണ് ശമ്പള സ്‌കെയില്‍. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിട്ടുപോലും അവരുടെ വിദ്യാഭ്യാസ യോഗ്യത വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പോലും വെളിപ്പെടുത്താന്‍ തയ്യാറാവാത്ത നടപടി സംശയങ്ങള്‍ക്കിടയാക്കുകയാണ്. ബാക്കിയുള്ള ഉദ്യോഗസ്ഥരുടെയെല്ലാം വിദ്യാഭ്യാസ യോഗ്യത രേഖാമൂലം നല്‍കിയിട്ടുണ്ട്. നോണ്‍ ഗസറ്റഡ് റാങ്കിലുള്ള ഓഫിസ് അറ്റന്‍ഡന്റിന്റെ വിദ്യാഭ്യാസ യോഗ്യതയും ലഭ്യമല്ലെന്നാണ് വിശദീകരണം.

സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫിലെ 25 പേരില്‍ 15 അംഗങ്ങളും ഡയറക്ട് റിക്രൂട്ട്‌മെന്റാണ്. രണ്ട് പേര്‍ മാത്രമാണ് ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. ഏതൊരു സര്‍ക്കാര്‍ വകുപ്പിലും നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത പരിഗണിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് ഇതൊന്നും ബാധകമല്ല. സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് ബാധകമായ ചട്ടങ്ങള്‍ പ്രകാരം പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ നേരിട്ടുള്ള നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമായി നിഷ്‌കര്‍ഷിക്കുന്നില്ല. അതിനാല്‍, പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ വിശദമായി ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം കുഞ്ഞുമോന്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിയമസഭാ സെക്രട്ടേറിയറ്റും വരുന്നതിനാല്‍ സ്പീക്കറുടെ ഓഫിസിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കേണ്ട അവകാശത്തിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരം ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് പെന്‍ഷന്‍ ചര്‍ച്ചാ വിഷയമായത്. രാഷ്ട്രീയമായി നിയമിക്കുന്ന മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നീതീകരിക്കത്തക്കതല്ലെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്.

1994 സെപ്തംബര്‍ 23നാണ് പേഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വ്യവസ്ഥകളേക്കാള്‍ മികച്ചതും ഉദാരവുമാണ് മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് ജീവനക്കാരുടെ പെന്‍ഷന്‍ വ്യവസ്ഥകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കിട്ടാന്‍ ചുരുങ്ങിയത് പത്ത് വര്‍ഷത്തെ സര്‍വീസ് വേണം. പേഴ്‌സനല്‍ സ്റ്റാഫിന് രണ്ടുവര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ പെന്‍ഷന്‍ ലഭിക്കും. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി തങ്ങളുടെ പാര്‍ട്ടിക്കാരായ കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നതിന് മന്ത്രിമാര്‍ പെന്‍ഷന്‍ കാലാവധി എത്തിയ സ്റ്റാഫിനെ മാറ്റി പുതിയ ആളെ നിയമിക്കാറുണ്ട്.

ഭരണച്ചെലവ് നിയന്ത്രിക്കാനായി പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കുമെന്നും ഒരു മന്ത്രിയുടെ സ്റ്റാഫിന്റെ എണ്ണം 25ല്‍ കൂടരുതെന്നും തുടക്കത്തില്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, 36 പേര്‍ വരെയുണ്ട് നിലവില്‍ ചിലരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍. ചീഫ് വിപ്പ് എന്നൊരു പദവിയുണ്ട് സര്‍ക്കാരില്‍. നിയമസഭ സമ്മേളിക്കുന്ന സമയത്ത് നിര്‍ണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്ന ചുമതല മാത്രമാണ് ചീഫ് വിപ്പിനുള്ളത്. മറ്റൊരു ദൈനംദിന ചുമതലകളുമില്ല. 99 അംഗങ്ങളോടെ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ വോട്ടെടുപ്പ് സമയത്ത് നിലവില്‍ വിപ്പിന്റെ ആവശ്യവുമില്ല. എന്നിട്ടും ചീഫ് വിപ്പിനെ നിയമിച്ചുവെന്ന് മാത്രമല്ല, 25 പേഴ്‌സനല്‍ സ്റ്റാഫിനെ അനുവദിക്കുകയും ചെയ്തു.

രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്കും ഒരു ചീഫ് വിപ്പിനും കൂടി നിയമിതരായ പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 362 വരും. കഴിഞ്ഞ ഡിസംബര്‍ വരെ മന്ത്രിമാരും ചീഫ് വിപ്പും നേരിട്ട് നിയമിച്ചവരുടെ കണക്കാണിത്. ഡെപ്യൂട്ടേഷനില്‍ വന്നവരുമുണ്ട് ചില മന്ത്രിമാര്‍ക്കുള്ള അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിമാരില്‍. നേരിട്ട് നിയമനം നടത്തിയവരുടെ കുറഞ്ഞ ശമ്പളം 23,000-50,200 രൂപ എന്ന ഘടനയിലും കൂടിയ ശമ്പളം 1,07,8001,60,000 എന്ന രൂപത്തിലുമാണ്. 362 പേര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കാന്‍ മാത്രം പ്രതിമാസം 1.42 കോടി രൂപയാണ് ചെലവ്.

ഏഴ് ശതമാനം ഡി എ, 10 ശതമാനം എച്ച് ആര്‍ എ എന്നിവയുമുണ്ടാവും. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ആനുകൂല്യവുമുണ്ട്. 70,000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് ഗ്രേഡ് അടിസ്ഥാനത്തില്‍ ഫസ്റ്റ് ക്ലാസ് എ സി, സെക്കന്‍ഡ് ക്ലാസ് എ സി ട്രെയിന്‍ ടിക്കറ്റ് നിരക്കും 77,000 രൂപക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് വിമാന യാത്രാ നിരക്കും ലഭിക്കുന്നു. ഇതിനെല്ലാം പുറമെയാണ് രണ്ടുവര്‍ഷം സേവനമുള്ളവര്‍ക്ക് പെന്‍ഷന്‍. പോളിറ്റിക്കല്‍ സെക്രട്ടറി, പ്രസ് സെക്രട്ടറി, പ്രസ് അഡൈ്വസര്‍ തുടങ്ങിയ പദവികള്‍ താല്‍ക്കാലികമോ ഡെപ്യൂട്ടേഷന്‍ നിയമനങ്ങളോ ആയിരുന്നു മുന്‍ സര്‍ക്കാരുകളുടെ കാലത്ത്.

അന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലായിരുന്നു. പിണറായി സര്‍ക്കാറാണ് പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി അവരെക്കൂടി പെന്‍ഷന് അര്‍ഹരാക്കിയത്. പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ അര്‍ഹതക്കുള്ള കാലാവധി രണ്ട് വര്‍ഷവും ഒരു ദിവസവുമാക്കിയത് ചട്ടങ്ങളുടെ ദുരുപയോഗമാണെന്നും മിനിമം പെന്‍ഷന് ചുരുങ്ങിയ സര്‍വീസ് അഞ്ച് വര്‍ഷമാക്കണമെന്നും ശമ്പള കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിത് തള്ളിക്കളയുകയായിരുന്നു. പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്തതിനാല്‍ ഏത് സര്‍ക്കാര്‍ വന്നാലും രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ നിയമനം തകൃതിയായി നടക്കുകയാണ്.

Tags:    

Similar News