ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സുകള്‍
കോട്ടയം: മുസ്‌ലിംകളെയെല്ലാം തീവ്രവാദികളെന്ന് അടച്ചാക്ഷേപിച്ച പി സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പിലെ ദയനീയപതനം ആഘോഷിച്ച് ഈരാറ്റുപേട്ടക്കാര്‍. വര്‍ഗീയവിദ്വേഷം ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ശ്രമിച്ച പി സി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നഗരത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചാണ് ഈരാറ്റുപേട്ടക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ജനനം: 28 ആഗസ്ത് 1951, മരണം: 02- മെയ് രാവിലെ 10.30ന്... സംസ്‌കാരം ഫിര്‍ഔന്റെ നാട്ടില്‍ ഈജിപ്തില്‍ എന്നാണ് ഫഌക്‌സിലെ വാക്കുകള്‍. പി സി ജോര്‍ജിനെ വിജയിപ്പിക്കണമെന്ന് എഴുതി സ്ഥാപിച്ച ഫ്‌ളക്‌സിന്റെ മുകളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഫഌക്‌സിന്റെ മുകളില്‍ ചത്തു എന്നും എഴുതിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ അടക്കം ഇത്തരത്തിലുള്ള ഫ്‌ളക്‌സുകള്‍ പ്രചരിക്കുന്നുണ്ട്. എന്തുവന്നാലും പൂഞ്ഞാറില്‍നിന്ന് നിയമസഭയിലെത്തുമെന്നായിരുന്നു പിസിയുടെ വെല്ലുവിളി. എന്നാല്‍, 11,000 ലധികം വോട്ടുകള്‍ക്കാണ് പിസിയുടെ പതനം. കഴിഞ്ഞതവണ മുന്നണികളെല്ലാം കൈവിട്ടപ്പോള്‍ സഹായിച്ച എസ്ഡിപിഐയ്‌ക്കെതിരേ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടായിരുന്നു പിസിയുടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എന്നാല്‍, ഇത്തവണ യുഡിഎഫിലും എല്‍ഡിഎഫിലും കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ വിഫലമായി. ഇതോടെ എന്‍ഡിഎയില്‍ കയറിപ്പറ്റി.
മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ അഴിച്ചുവിട്ടാണ് എന്‍ഡിഎയില്‍ സീറ്റുറപ്പിച്ചത്. എന്നാല്‍, എന്‍ഡിഎയും കൈവിട്ടതോടെ പിസിയുടെ കാര്യം പരുങ്ങലിലായി. ഇതോടെയാണ് മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു വോട്ടുകള്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഈരാറ്റുപേട്ടക്കാരെല്ലാം തീവ്രവാദികളാണെന്നും ആരോപണമുന്നയിച്ചു. ഇതെത്തുടര്‍ന്ന് ഈരാറ്റുപേട്ടക്കാര്‍ ഒന്നടങ്കം പിസിയെ ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ഈരാറ്റുപേട്ടയില്‍ വരാന്‍ കഴിയാത്ത സ്ഥിതിയായി. തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ വോട്ടുവേണ്ടെന്നും ഇല്ലെങ്കിലും താന്‍ വിജയിക്കുമെന്നായിരുന്നു വാഗ്വാദം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം കേവലം 1,125 വോട്ടുകള്‍ മാത്രമാണ് ജോര്‍ജിന് സ്വന്തം തട്ടകമായ ഈരാറ്റുപേട്ടയില്‍ നിന്ന് ലഭിച്ചത്.
6,175 വോട്ടുകളുടെ കുറവാണ് ഇത്തവണ ജോര്‍ജിന് ഈരാറ്റുപേട്ടയില്‍ നിന്നുണ്ടായത്. കേവലം 20 ശതമാനം മുസ്‌ലിംകളേ തനിക്കെതിരെയുള്ളൂവെന്നും ബാക്കിയുള്ളവര്‍ വോട്ടുചെയ്യുമെന്നുമായിരുന്നു ജോര്‍ജിന്റെ അവകാശവാദം. ഈരാറ്റുപേട്ടക്കാരനായിട്ടു കൂടി ആ നാട്ടിലെ മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുകയും തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്ത ജോര്‍ജിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ വോട്ടര്‍മാര്‍. ഭൂരിഭാഗവും മുസ്‌ലിം വോട്ടുകളുള്ള ഈരാറ്റുപേട്ടയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. 11,404 വോട്ടുകളാണ് ഈരാറ്റുപേട്ടയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ലഭിച്ചത്.