ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഉയര്‍ന്ന താപനിലയ്ക്കും സാധ്യത

Update: 2025-04-28 04:34 GMT
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഉയര്‍ന്ന താപനിലയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത. ഇന്നും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമുണ്ട്. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് അഞ്ച് സ്ഥലങ്ങളിലാണ്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാര്‍, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറുമുതല്‍ ഏഴുവരെയെങ്കില്‍ യെല്ലോ അലര്‍ട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലര്‍ട്ടും 11നു മുകളിലേക്കാണെങ്കില്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുക.

ഇതുപ്രകാരം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ (ഏഴ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല (ആറ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പകല്‍ 10 മുതല്‍ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

Similar News