ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷപ്രചാരണം; മനേകയുടെ സംഘടനയുടെ വെബ് സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: പാലക്കാട് സൈലന്റ് വാലി വനത്തിനു സമീപം ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കും കേരളത്തിനുമെതിരേ ദേശീയ തലത്തില്‍ നടത്തുന്ന വിദ്വേഷപ്രചാരണത്തിനു തിരിച്ചടിയുമായി കേരള സൈബര്‍ വാരിയേഴ്‌സ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന മൃഗ സംരക്ഷണ സംഘടനയുടെ വെബ് സൈറ്റാണ് ഹാക്ക് ചെയ്തത്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്‌നേഹം മുസ് ലിം വിരോധത്തിന്റെ മുഖംമൂടിയാണെന്നും എംപിയും മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഹാക്കര്‍മാര്‍ സൈറ്റില്‍ എഴുതിവച്ചിട്ടുണ്ട്.
ഭക്ഷണസാധനത്തില്‍ വച്ച പടക്കം കടിച്ചതിനെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് കണ്ടെത്തല്‍. പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറത്താണെന്നു ചിത്രീകരിക്കുകയും മലപ്പുറം ജില്ലയ്‌ക്കെതിരേ വര്‍ഗീയ പരാമര്‍ശത്തോടെയുള്ള വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തത്. ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കുന്ന ന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.