മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നു; താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നു സര്‍ക്കാര്‍

ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്ത് നല്‍കി. സുപ്രിംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Update: 2019-09-08 14:26 GMT

തിരുവനന്തപുരം: സുപ്രിംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഫ്‌ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്ത് നല്‍കി. സുപ്രിംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കലക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ കത്തില്‍ പറയുന്നു.

തീരദേശപരിപാലന നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തിയ കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ ഈമാസം 20നു മുമ്പ് പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി കേരള സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ച് അതിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കണം. 23നു കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടുഹാജരാവണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രിംകോടതി നല്‍കിയിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മെയ് എട്ടിലെ ഉത്തരവ് നടപ്പാക്കാത്തതില്‍ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയിരുന്നത്. കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത സംസ്ഥാനമെന്നാണു കേരളത്തെ അറിയപ്പെടുന്നതെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിധി നടപ്പാക്കുന്നതിന് നാലാഴ്ചകൂടി സമയം വേണമെന്ന ആവശ്യമാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജി പ്രകാശ് ഉന്നയിച്ചത്. ഈ ആവശ്യം കോടതിയെ ചൊടിപ്പിച്ചു.

ഒരുദിവസം പോലും കൂടുതല്‍ തരില്ലെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച്, 10 ദിവസം തന്നെ കൂടുതലാണെന്നും നിരീക്ഷിച്ചു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവയ്‌ക്കെതിരേയാണ് നടപടി. 2006ല്‍ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റല്‍ റെഗുലേറ്ററി സോണ്‍ (സിആര്‍ഇസഡ്) മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി.

നിലവില്‍ ഫ്‌ളാറ്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം സിആര്‍ സോണ്‍ രണ്ടിലാണെന്നും ഇവിടത്തെ നിര്‍മാണങ്ങള്‍ക്കു തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ വാദം. എന്നാല്‍, അത് കോടതി അംഗീകരിച്ചില്ല. നിര്‍മാണാനുമതി ലഭിക്കുമ്പോള്‍ സ്ഥലം സിആര്‍ഇസഡ് മൂന്നിലായിരുന്നതിനാല്‍ അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്‌ളാറ്റുകളുണ്ട്. ഇതില്‍ 350 ഫ്‌ളാറ്റുകളിലാണ് താമസക്കാരുള്ളത്. 

Tags:    

Similar News