അസാധാരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റ് പ്രതിനിധികളെ അയോഗ്യരാക്കി
കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വിസിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.
വി സി നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി സി ഡോ. വി പി മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്ത 13 പേര്‍ സെനറ്റിലുണ്ടെങ്കിലും രണ്ടുപേര്‍ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. പ്രോവൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. നിലവിലെ വി സിയുടെ കാലാവധി 24ന് പൂര്‍ത്തിയാവും.