മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശം; തോക്ക് സ്വാമിക്കെതിരായ കേസ് റദ്ദാക്കി, കുറ്റപത്രം നല്‍കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ തോക്ക് സ്വാമി എന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലിസ് 2023ല്‍ മാത്രമാണ് കുറ്റപത്രം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ഫേസ്ബുക്കിലാണ് തോക്കുസ്വാമി മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരമാണ് എറണാകുളം നോര്‍ത്ത് പോലിസ് 22-11-2016ന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ പ്രതി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോക്ക് സ്വാമി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
153എ വകുപ്പ് പ്രകാരമുള്ള കേസില്‍ പരമാവധി ശിക്ഷ മൂന്നുവര്‍ഷം തടവാണെന്നും അതിനാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിക്കണമായിരുന്നു എന്ന് തോക്കുസ്വാമി വാദിച്ചു. 2020 ഫെബ്രുവരിയില്‍ പോലിസ് കുറ്റപത്രം നല്‍കിയെങ്കിലും മഹ്‌സറോ പ്രോസിക്യൂഷന്‍ അനുമതിയോ കൂടെയില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് അത് തള്ളി. പിന്നീട് 2023ലാണ് പോലിസ് കുറ്റപത്രം നല്‍കിയത്. 2020 ഫെബ്രുവരിയില്‍ പോലിസ് കുറ്റപത്രം നല്‍കിയെന്ന് അംഗീകരിച്ചാല്‍ തന്നെയും സമയപരിധി കഴിഞ്ഞിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്തിമ റിപോര്‍ട്ടിനൊപ്പം കാലതാമസം പരിഹരിക്കാനുള്ള അപേക്ഷ പോലിസ് നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റ് കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കേസ് ഡയറി കാണാതായതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകാന്‍ കാരണമെന്ന് പോലിസ് ഹൈക്കോടതിയില്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് കേസ് റദ്ദാക്കി ഉത്തരവിറക്കിയത്.
2008 മെയ് 17ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടില്‍ നിന്ന് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത് പോലിസ് സ്‌റ്റേഷനിലെത്തിച്ച ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൈവശം കരുതിയ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ സ്‌റ്റേഷന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും സിഐക്കും മാധ്യമ പ്രവര്‍ത്തകനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശം വയ്ക്കല്‍ എന്നി വകുപ്പുകളാണ് ഈ കേസില്‍ ചുമത്തിയിട്ടുള്ളത്.