കൊച്ചി: കേരളാ മീഡിയ അക്കാദമിയുടെ മീഡിയാ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം അല്‍ ജസീറ ഗസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കേരളത്തില്‍ നിന്ന് ലഭിച്ച ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂദ് അറിയിച്ചതായി മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.
ഗസയില്‍ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദഹ്ദൂദിന്റെ ഭാര്യയും മകളും മകനും ചെറുമകനും കൊല്ലപ്പെട്ടിരുന്നു. മറ്റ് കുടുംബാംഗങ്ങള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതി റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സ്വന്തം കുടുംബം യുദ്ധത്തിന് ഇരയായെന്ന വാര്‍ത്ത ദഹ്ദൂദ് അറിയുന്നത്. പ്രസ് എന്ന പുറംചട്ടയണിഞ്ഞ് അല്‍ അഖ്‌സ ആശുപത്രിയില്‍ മകന്റെ ചേതനയറ്റ ശരീരത്തില്‍ വീണ് കരയുന്ന ദഹ്ദൂദിന്റെ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ഗസയിലെ ഇസ്രായേല്‍ ക്രൂരതകള്‍ അല്‍ ജസീറയിലൂടെ കാലങ്ങളായി ലോകത്തിന് മുന്നിലെത്തിക്കാന്‍ സജീവമായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണ് വാഇല്‍ ദഹ്ദൂദ്.