കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നു. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്നും എന്നാല്‍ ജൂണ്‍ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്.
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജൂണ്‍ പകുതിയോടെ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് പഠനങ്ങള്‍. കേരളത്തില്‍ ഇത്തവണയും പ്രളയ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് ഇതുവരെ 78 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 38 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്രയും അധികം മഴ കിട്ടിയത്. ഇത് ശരാശരിയേക്കാള്‍ 118 ശതമാനം കൂടുതലാണ്.
മധ്യകേരളത്തില്‍ മഴ ശക്തിയാര്‍ജിച്ചതോടെ ആറു ജില്ലകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.