കേരളത്തിലും തടങ്കല്‍ പാളയം; സാമൂഹിക നീതി വകുപ്പ് നടപടി തുടങ്ങി
തടങ്കല്‍ പാളയം ഒരുക്കാനുള്ള പ്രാഥമിക നടപടികളിലേക്ക് സാമൂഹിക നീതി വകുപ്പ് കടന്നതായും റിപോര്‍ട്ടിലുണ്ട്.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേരളത്തിലും തടങ്കല്‍ പാളയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാവുന്നതായി റിപോര്‍ട്ട്. സംസ്ഥാന സാമൂഹിക നീതി വകുപ്പിനാണ് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയം നിര്‍മിക്കാനുള്ള ചുമതലയെന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.
തടങ്കല്‍ പാളയം ഒരുക്കാനുള്ള പ്രാഥമിക നടപടികളിലേക്ക് സാമൂഹിക നീതി വകുപ്പ് കടന്നതായും റിപോര്‍ട്ടിലുണ്ട്. കേരളത്തില്‍ തടവില്‍ കഴിയുന്ന വിദേശികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ബന്ധപ്പെട്ടതായാണ് റിപോര്‍ട്ട്. ഇവിടെ ശിക്ഷ അനുഭവിക്കുന്നവരുടേയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ് വിദേശ രാജ്യത്തിന് കൈമാറാന്‍ കാത്തിരിക്കുന്നവരുടേയും വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തടങ്കല്‍ പാളയം നിര്‍മിക്കാനാണ് പദ്ധതി. നിലവില്‍ സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ഇത്തരം കെട്ടിടങ്ങള്‍ ഒന്നും തന്നേയില്ല. തടവുകാരുടെ എണ്ണം അനുസരിച്ച് ഒന്നുകില്‍ പുതിയ കെട്ടിടം നിര്‍മിക്കാനോ അല്ലെങ്കില്‍ വാടകക്കെടുക്കയോ ചെയ്യാനാണ് പദ്ധതി. ഇതിനായി തടവുകാരുടെ എണ്ണം ആവശ്യമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
2019 ജൂണിലാണ് സാമൂഹിക നീതി വകുപ്പ് ആദ്യമായി വിദേശ തടവുകാരുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 26ന് വീണ്ടും റിപോര്‍ട്ട് തേടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പൗരത്വം ഭേദഗതി നിയമത്തിനും(സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും(എന്‍ആര്‍സി) എതിരേ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അസമിലും മറ്റ് ചില സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇത്തരം തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. രാജ്യസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരമനുസരിച്ച് 2019 ജനുവരിയില്‍ തന്നെ കേരളമടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം കത്ത് നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും നിര്‍മിക്കേണ്ട തടങ്കല്‍ പാളയത്തിന്റെ മാതൃകയും ഇതോടൊപ്പം അയച്ചിരുന്നു.
ജയില്‍ പരിസരത്തിനും പോലിസ് വകുപ്പിനും പുറത്ത് അനുയോജ്യമായ സൗകര്യം ഒരുക്കാനാണ് ആഭ്യന്തര വകുപ്പ് സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടത്. പോലിസ് വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ ഈ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും അറിയിച്ചിരുന്നു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും വിസയും പാസ്‌പോര്‍ട്ടും കാലഹരണപ്പെട്ട വിദേശികളെയും പാര്‍പ്പിക്കുന്നതിനാണ് തടങ്കല്‍ പാളയം നിര്‍മിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. വിചാരണ നേരിടുന്ന വിദേശ തടവുകാരെയും ഇവിടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്തലിനായി കാത്തിരിക്കുന്നവരെയും തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയേക്കാം.
അതേസമയം, തടങ്കല്‍പാളയം സ്ഥാപിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ടൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് ലഭ്യമായ ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.