ഡോ. ടി എസ് ശ്യാംകുമാറിനെതിരായ സംഘപരിവാര ഭീഷണിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം-പി ആര്‍ സിയാദ്
തിരുവനന്തപുരം: വലതുപക്ഷ ഫാഷിസത്തെയും മനുഷ്യത്വ വിരുദ്ധമായ ജാതി വ്യവസ്ഥയെയും തുറന്നുകാട്ടുന്നതിന്റെ പേരില്‍ സംസ്‌കൃത പണ്ഡിതനായ ഡോ. ടി എസ് ശ്യാംകുമാറിനെതിരേ സംഘപരിവാരം തുടരുന്ന ഭീഷണിയെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ മാധ്യമസ്ഥാപനത്തിനെതിരേ നടക്കുന്ന ഭീഷണി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ജാതി ബ്രാഹ്മണ്യത്തിന്റെ അവകാശ വാദങ്ങളെയും വ്യാജനിര്‍മിതികളെയും ധൈഷണികമായ ആര്‍ജവത്തോടെ ജനങ്ങളോട് തുറന്നുപറയുന്നു എന്നതാണ് ഡോ. ടി എസ് ശ്യാംകുമാര്‍ സംഘപരിവാരത്തിന്റെ ശത്രു പട്ടികയില്‍ ഇടം നേടാന്‍ കാരണമായിരിക്കുന്നത്. ശ്രേണീബദ്ധമായ ജാതി വ്യവസ്ഥയിലൂടെ മനുഷ്യനെ ചൂഷണം ചെയ്യുന്ന പൗരോഹിത്വത്തെയും അതിന് ആദര്‍ശാടിത്തറ നല്‍കുന്ന ഗ്രന്ഥങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതിലൂടെ മാനവ സമൂഹത്തിന്റെ സമത്വത്തിനും നീതിക്കും വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്. അതുകൊണ്ടുതന്നെ, മിത്തുകളെയും ഐതിഹ്യങ്ങളെയും ചികഞ്ഞെടുത്ത് ഏകശിലാക്രമത്തിലുള്ള മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തെ പ്രകോപിപ്പിക്കുന്നത് സ്വാഭാവികമാണ്. വസ്തുതകളെ മുന്‍നിര്‍ത്തി വാദങ്ങളെ അഭിസംബോധന ചെയ്യാന്‍ ഒരിക്കലും സംഘപരിവാരത്തിന് കഴിയില്ല. അതിനാല്‍, അധിക്ഷേപങ്ങളും വധഭീഷണികളുമായി അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. 2023 ഒക്ടോബറില്‍ ഹരിപ്പാട് ഹോട്ടലില്‍ ശ്യാംകുമാറിനെതിരേ ശാരീരികമായ കൈയേറ്റത്തിനുള്ള ശ്രമം പോലും നടന്നിരുന്നു. വിമര്‍ശകരെ ഇല്ലാതാക്കുകയെന്നത് സംഘപരിവാര ശൈലിയാണ്. പന്‍സാരയും കല്‍ബുര്‍ഗിയും ദബോല്‍ക്കറും ഗൗരീ ലങ്കേഷും ഉള്‍പ്പെടെയുള്ളവര്‍ കൊലചെയ്യപ്പെട്ടത് ഇതേ കാരണത്താല്‍ തന്നെയാണ്. സത്യം തുറന്നു പറയുകയും മര്‍ദ്ദിത പക്ഷത്ത് നിര്‍ഭയമായി നിലകൊള്ളുകയും ചെയ്യുന്ന ടി എസ് ശ്യാംകുമാറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അദ്ദേഹത്തിനെതിരായ ഏതൊരു ഭീഷണിയെയും തുറന്നുകാണിക്കാനും ചെറുത്തുതോല്‍പ്പിക്കാനും ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നും പി ആര്‍ സിയാദ് അഭ്യര്‍ഥിച്ചു.