രൂപേഷിന്റെ യുഎപിഎ പുനഃസ്ഥാപിക്കണം: സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

Update: 2022-07-26 10:58 GMT

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രൂപേഷിനെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയില്‍ സ്‌റ്റേ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വളയം, കുറ്റിയാടി കേസുകളുമായി ബന്ധപ്പെട്ടാണ് കേരള സര്‍ക്കാരിന്റെ ആവശ്യം.

കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2013ല്‍ കുറ്റിയാടിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍, 2014ല്‍ വളയത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് എന്നീ യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. യുഎപിഎ ചുമത്തിയതിനെതിരേ രൂപേഷ് നല്‍കിയ ഹരജി അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ രൂപേഷ് നിലവില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ക്വാറികള്‍ ആക്രമിച്ചതടക്കമുള്ള കേസുകള്‍ രൂപേഷിനെതിരേ ചുമത്തിയിട്ടുണ്ട്. യുഎപിഎ ഇല്ലാതായാലും രൂപേഷിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ വേറെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News