മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

തിരികെ വരുന്നവരെ കൊണ്ട് വരാനുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. വിളിച്ചുകൊണ്ടുവരാന്‍ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതുമൂലം ടാക്‌സി ഡ്രൈവര്‍മാരും പോകാന്‍ തയ്യാറാവുന്നില്ല.

Update: 2020-05-05 04:43 GMT

തിരുവനന്തപുരം: തൊഴിലാളികള്‍ ഉള്‍പ്പടെ കേരളത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുമ്പോളും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന കേരളീയര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാഹനം ലഭ്യമല്ലാത്തതും ടാക്‌സികള്‍ അതിര്‍ത്തി കടക്കാന്‍ തയ്യാറാവാത്തതുമാണ് മലയാളികളെ കുടുക്കുന്നത്.

നോര്‍ക്കയിലും വാഹന പാസിനായി കൊവിഡ് ജാഗ്രതാ സൈറ്റിലും മറ്റു സംസ്ഥാനങ്ങളിലെ ഔദ്യോഗിക സൈറ്റുകളിലും രജിസ്റ്റര്‍ ചെയ്താണ് വിദ്യാര്‍ഥികളും ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പടെ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി കാത്ത് കിടക്കുന്നത്. ഇവരെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമായ ശ്രമം നടത്തുന്നില്ലെന്നാണ് ആക്ഷേപം.

തിരികെ വരുന്നവരെ കൊണ്ട് വരാനുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. വിളിച്ചുകൊണ്ടുവരാന്‍ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതുമൂലം ടാക്‌സി ഡ്രൈവര്‍മാരും പോകാന്‍ തയ്യാറാവുന്നില്ല. അതിര്‍ത്തികളില്‍ എത്തുന്നവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തിയ ഇടുക്കി സ്വദേശി ക്രിസ്റ്റിക്ക് വീട്ടിലേക്ക് പോകാനുളള വാഹനത്തിന് ഇടുക്കിയില്‍ നിന്നും തിരുവനന്തപുരം വരെ യാത്രാനുമതി കിട്ടിയില്ല. ഇതോടെ ഈ വിദ്യാര്‍ത്ഥി ദുരിതത്തിലായി. ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണില്‍ അന്യദേശത്ത് കുടുങ്ങിപ്പോയവര്‍ ഏറെ പണിപ്പെട്ടാണ് അതിര്‍ത്തി വരെ എത്തുന്നത്.

വാഹനമെത്താതെ കുടുങ്ങിപ്പോയവരെ തല്‍ക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതിര്‍ത്തി കടക്കാന്‍ ടാക്‌സി സൗകര്യങ്ങള്‍ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കിയത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍.

കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോര്‍ക്കയില്‍ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സര്‍ക്കാര്‍ തയ്യാറാക്കും. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. 

Tags:    

Similar News