വാളയാര്‍ ചെക്‌പോസ്റ്റില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നു; തിരികെ പോകാന്‍ അനുവദിക്കാതെ തമിഴ്‌നാടും
മെയ് 17ാം തീയതി വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും.
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ പാസില്ലാതെ എത്തിയ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. നിയന്ത്രണം ശക്തമാക്കിയതോടെ പാസ് ഇല്ലാതെ വരുന്നവരെ കടത്തിവിടേണ്ടെന്നാണ് തീരുമാനം. മണിക്കൂറുകളായി നൂറ് കണക്കിനാളുകളാണ് കുടുങ്ങിയത്.
മെയ് 17ാം തീയതി വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകാനും സാധിക്കുന്നില്ല. ചിലരെ നേരത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലിസ് വിരട്ടിയോടിച്ചു. ഇപ്പോള്‍ മന്ത്രി ബാലന്റെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്.
അതിര്‍ത്തി കടന്ന് വന്നവരില്‍ ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതോടെയാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തില്‍ പോകേണ്ടത് അതാത് ജില്ലകളിലാണെന്ന് വാളയാറിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. ചെക്ക്‌പോസ്റ്റില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ്, നാട്ടിലേക്ക് മടങ്ങുന്നവരെ അതിര്‍ത്തി കടത്തുന്നതെന്നും ദേശീയ ആരോഗ്യ മിഷന്‍ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രചന ചിദംബരം വ്യക്തമാക്കി.