കെവിന്‍ വധക്കേസ്: ശിക്ഷാവിധിയില്‍ വാദം ഇന്ന്

കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

Update: 2019-08-24 01:04 GMT

കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം ഇന്ന്. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊലപാതക ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സാനു ചാക്കോ, നിയാസ് മോന്‍, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിന്‍ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിക്കും. വാദത്തിന് ശേഷം ഇന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും.

Tags:    

Similar News