ഭാര്യയെ കൊന്നതില്‍ വിഷമമില്ലെന്ന് പത്മരാജന്‍
ഭാര്യയുടെ സുഹൃത്ത് തന്നെ മര്‍ദ്ദിച്ചപ്പോള്‍ തടഞ്ഞില്ലെന്നും മൊഴി
കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തില്‍ പ്രതി പത്മരാജന്റെ മൊഴി പുറത്ത്. ഭാര്യ അനിലക്ക് അവരുടെ ബേക്കറിയിലെ ബിസിനസ് പാര്‍ട്ണറുമായുള്ള ബന്ധമാണ് കൊലക്ക് കാരണമായതെന്ന് പത്മരാജന്‍ പോലിസിനോട് പറഞ്ഞു. ഭാര്യയെ കൊന്നതില്‍ യാതൊരു വിഷമവുമില്ലെന്നും 14 വയസുള്ള മകളെ ഓര്‍ത്താണ് വിഷമമെന്നും ഇയാള്‍ പോലിസിനെ അറിയിച്ചു.
ബേക്കറിയിലെ പാര്‍ട്ണറും സുഹൃത്തുമായ അനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പലതവണ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നതായി പത്മരാജന്റെ മൊഴി പറയുന്നു. കഴിഞ്ഞദിവസം ബേക്കറിയില്‍വെച്ച് അനീഷ് തന്നെ മര്‍ദിച്ചു. അനിലയുടെ മുന്നില്‍വെച്ചായിരുന്നു മര്‍ദനം. കണ്‍മുന്നിലിട്ട് തന്നെ അനീഷ് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ല. ഇത് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജന്റെ മൊഴി പറയുന്നു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്മാന്‍മുക്കില്‍വെച്ചാണ് പത്മരാജന്‍ ഭാര്യ അനില(44)യെ തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വന്തം വാഹനത്തിലെത്തിയ പത്മരാജന്‍ ഭാര്യ ഓടിച്ചിരുന്ന കാര്‍ തടഞ്ഞശേഷം അതിനോട് ചേര്‍ത്തുനിര്‍ത്തി ഭാര്യയുടെ നേരേ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയ്‌ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ യുവാവ് കാറിലുണ്ടായിരുന്നു. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.