വടകരയില്‍ കെ കെ ശൈലജ, പൊന്നാനിയില്‍ കെ എസ് ഹംസ; ലോക്‌സഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയായി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായി. ഒരു മന്ത്രിയടക്കം നാല് എംഎല്‍എമാരുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ പട്ടികയായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ. പോളിറ്റ് ബ്യൂറോയുടെ അനുമതി ലഭിച്ച ശേഷം 26ന് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപോര്‍ട്ട്. സാധ്യതാ പട്ടിക പ്രകാരം പൊന്നാനിയില്‍ മുസ് ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയും വടകരയില്‍ കെ കെ ശൈലജയുമാണുള്ളത്. ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ് എന്നിവരും എറണാകുളത്ത് കെ ജെ ഷൈന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, ആലത്തൂര്‍ കെ രാധാകൃഷ്ണന്‍, മലപ്പുറം വി വസീഫ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, കണ്ണൂര്‍ എംവി ജയരാജന്‍, കാസര്‍കോട് എംവി ബാലകൃഷ്ണന്‍, ഇടുക്കി ജോയ്‌സ് ജോര്‍ജ് എന്നിവരുടെ പേരുകളാണുള്ളത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എന്നിങ്ങനെ കരുത്തരെ തന്നെയാണ് ഇത്തവണ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.
ആലത്തൂരില്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ രാധാകൃഷ്ണന്‍ തന്നെയായിരിക്കും മല്‍സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടുമാണ് ജനവിധി തേടുക. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായാണ് മുസ് ലിം ലീഗ് മുന്‍ നേതാവ് കെ എസ് ഹംസയെ കളത്തിലിറക്കുന്നത്. മലപ്പുറത്ത് വി പി സാനു, അഫ്‌സല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയ്ക്കു വന്നെങ്കിലും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനാണ് നറുക്ക് വീണത്. ചാലക്കുടിയില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥ്, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈന്‍ എന്നിവരുടെ പേരുകളാണുള്ളത്. പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണനും ആറ്റിങ്ങലില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എയുമാണ് മല്‍സരിക്കുന്നത്. കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷിന്റെ പേരാണ് ഉയര്‍ന്നിട്ടുള്ളത്. എല്‍ഡിഎഫിലെ സീറ്റ് ധാരണ പ്രകാരം 15 സീറ്റുകളിലാണ് സിപിഎം മല്‍സരിക്കുന്നത്.