കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത് വിവാദത്തില്‍

Update: 2023-08-24 06:01 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത് വിവാദമാവുന്നു. എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്റ്റീവ് കോഴ്‌സില്‍ ലൈഫ് റൈറ്റിങ് വിഭാഗത്തിലാണ് കെ കെ ശൈലജയുടെ 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' എന്ന ആത്മകഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഞ്ജു സാറ രാജന്‍ തയ്യാറാക്കി ജഗര്‍നട്ട് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആത്മകഥയാണ് കോര്‍ റീഡിങ് പുസ്തകമായി ഉള്‍പ്പെടുത്തിയത്. മാത്രമല്ല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ ആത്മകഥകള്‍ക്കൊപ്പമാണ് ശൈലജയുടെ കൃതിയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. സിലബസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ആരോപിച്ചു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി ആരോപണം നേരിടുന്ന മുന്‍മന്ത്രിയുടെ ആത്മകഥ ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം പഠന വിഷയമാക്കുന്നത് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ആരോപിച്ചു. ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. നടപടി വിചിത്രമാണെന്നും ഒരുതരത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കൃത്യമായ രാഷ്ട്രീയതാല്‍പര്യത്തോടെയും അജണ്ട നടപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടിയാണിത്. ധാര്‍മികമായും ആധികാരികമായും നിലനില്‍ക്കാത്ത അഡ്‌ഹോക്ക് കമ്മിറ്റിയാണ് സിലബസ് ഉണ്ടാക്കിയതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News