കൊടിഞ്ഞി ഫൈസല്‍ വധക്കേസ്; അഡ്വ. കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അഡ്വ. പി കുമാരന്‍കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആറ് ആഴ്ചയ്ക്കകം സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കണമെന്നാണും ജസ്റ്റിസ് ബിച്ചു കുര്യന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ജസ്‌നയ്ക്കു വേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകനായ അഡ്വ. എസ് രാജീവാണ് ഹാജരായത്.
മാര്‍ച്ച് 7ന് ജസ്‌ന സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. അപേക്ഷയില്‍ ജസ്‌ന ആവശ്യപ്പെട്ട അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ടി പി വധക്കേസ് പ്രതികള്‍ക്കെതിരേ കോടതിയില്‍ ഹാജരായി ശിക്ഷ വാങ്ങിച്ചുനല്‍കിയതാണ് കുമാരന്‍ കുട്ടിയോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടാവാന്‍ കാരണമെന്നായിരുന്നു ആരോപണം. പുതിയ അഭിഭാഷകരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ജസ്‌നയെ താനൂര്‍ ഡിവൈഎ സ്പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍, ജസ്‌ന കുമാരന്‍ കുട്ടിയെ തന്നെ വക്കീലായി വേണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ തീരുമാനം അനന്തമായി നീണ്ടതോടെ ഫൈസല്‍ വധക്കേസ് തിരൂര്‍ കോടതി കഴിഞ്ഞ മൂന്ന് തവണ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തത് ചൂണ്ടിക്കാട്ടി മാറ്റിവച്ചിരുന്നു. അടുത്ത മാസം 23ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കേസ് പരിഗണിക്കുന്ന തിരൂര്‍ കോടതിയും നിര്‍ദേശിച്ചിരുന്നു.
ഇസ് ലാം സ്വീകരിച്ച പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസല്‍ 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.03നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. 207 സാക്ഷികളാണുള്ളത്. വര്‍ഗീയ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഏറെ വിവാദമായിരുന്നു. അന്ന്, പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തില്ലെന്നായിരുന്നു ആക്ഷേപം. മാത്രമല്ല കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഒത്തുകൂടിയന്ന് അനേഷണം സംഘം കണ്ടെത്തിയ സംഘപരിവാര നിയന്ത്രണത്തിലുള്ള വെള്ളിയാംപുറം മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്‌കൂളിനെ കുറിച്ചും അനേഷണം നടത്തിയിരുന്നില്ല. പ്രതികള്‍ പിടിയിലായി വെറും 26 ദിവസം കൊണ്ട് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പ്രോസിക്യൂഷന്‍ തയ്യാറായിരുന്നില്ല.