കൊടിഞ്ഞി ഫൈസല്‍ വധക്കേസ് മറ്റൊരു റിയാസ് മൗലവി കേസാവരുത്: എസ് ഡിപി ഐ

Update: 2024-06-27 14:19 GMT

മലപ്പുറം: ഇസ് ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ വിചാരണ നടപടികള്‍ വൈകുന്നത് ആശങ്കാചനകമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് വിചാരണ വൈകാന്‍ കാരണമെന്നാണ് പറയുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഫൈസലിന്റെ ഭാര്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രതികളെ പിടികൂടുന്നത് മുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് വരെ ഗുരുതര വീഴ്ച സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. റിയാസ് മൗലവി കേസില്‍ സംഭവിച്ചത് പോലെയുള്ള ആശങ്കകള്‍ ഈ കേസിലും നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസുകാര്‍ പ്രതികളാവുന്ന കേസുകളുടെ മെല്ലെപ്പോക്ക് ഈ കേസിലും ഉണ്ടാവുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. അതുകൊണ്ട് തന്നെ അടിയന്തിര പ്രാധാന്യത്തോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News