ഖുര്‍ആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു: കോടിയേരി

യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു.

Update: 2020-09-18 01:54 GMT

കോഴിക്കോട്: സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍വരെ അരാജക സമരക്കാര്‍ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോള്‍ റോഡിന് നടുവില്‍ മറ്റൊരു വാഹനമിട്ട് വന്‍ അപകടമുണ്ടാക്കാന്‍ നോക്കി. ഇത്തരം മുറകള്‍ കവര്‍ച്ചസംഘക്കാര്‍മാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.-കോടിയേരി പറഞ്ഞു.

അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്. നാലേകാല്‍ വര്‍ഷംമുമ്പ് ജനങ്ങള്‍ അധികാരമേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ധിച്ച ജനപിന്തുണയുണ്ടായതിനാല്‍ തുടര്‍ഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാല്‍ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News