മൊബൈല്‍ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി: അഭിഭാഷകയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുജിത് കുമാര്‍ ഝാ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

Update: 2020-09-17 02:00 GMT

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അഭിഭാഷകയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുജിത് കുമാര്‍ ഝാ ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിബാസ് ചാറ്റര്‍ജിയുടെ ആവശ്യം കോടതി തള്ളി. മൂന്ന് വയസുള്ള ഒരു കുട്ടി ഉള്ളത് പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് വിധിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

അതേസമയം, കേസില്‍ തന്നെ കുടുക്കിയതാണെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും കോടതിമുറിയില്‍ നിന്ന് ജയില്‍ വാനിലേക്ക് കൊണ്ടുപോകുമ്പോള്‍ അനിന്ദിത പാല്‍ വിളിച്ചു പറഞ്ഞു. 2018 നവംബര്‍ 24, 25ന്റെ രാത്രിയില്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള ന്യൂ ടൗണ്‍ ഫ്‌ലാറ്റില്‍ വച്ച് ഭര്‍ത്താവും അഭിഭാഷകനുമായ രജത് ഡേയെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് അനിന്ദിത പാല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദമ്പതികള്‍ക്കിടയില്‍ അസ്വരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

അതേസമയം, മറ്റൊരു റൂമില്‍ ഉറങ്ങുകയായിരുന്ന തന്റെ കക്ഷി ശബ്ദം കേട്ട് എത്തിയപ്പോള്‍ ഭര്‍ത്താവ് രജത് ഡേ തൂങ്ങിയ നിലയിലായിരുന്നുവെന്ന് അനിന്ദിത പാലിന്റെ അഭിഭാഷകന്‍ പിനക് മിത്ര അവകാശപ്പെട്ടു.

അനിന്ദിത പാല്‍ തന്റെ മകനെ കൊലപ്പെടുത്തിയെന്ന് കാട്ടി ഡേയുടെപിതാവ് നല്‍കിയ പരാതിയില്‍ നവംബര്‍ 29 നാണ് പോലിസ് അനിന്ദിതയെ അറസ്റ്റ് ചെയ്തത്. കേസിലെ വിചാരണയും വാദങ്ങളും ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയായി. അനിന്ദിത പാലും ഭര്‍ത്താവും കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകരായിരുന്നു.


Tags:    

Similar News