കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍; നാട്ടുകാരെ ഇളക്കിവിട്ടത് ബിജെപി കൗണ്‍സിലര്‍; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
സ്ഥലത്തെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യംവച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടമ്പലം ശ്മാശനത്തില്‍ അടക്കം ചെയ്യാനുള്ള അധികൃതരുടെ നീക്കം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്തെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യംവച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
മരിച്ചയാളുടെ പള്ളിയായ ചുങ്കത്തെ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാതെ കോട്ടയം നഗരസഭയുടെ മുട്ടമ്പലം വൈദ്യൂതി ശ്മശാനത്തില്‍ മൃതദേഹമെത്തിച്ചതോടെ ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. കൊവിഡാണെന്നു മരണ ശേഷമാണ് സ്ഥിരീകരിച്ചത്. മുന്‍ നഗരസഭ ജീവനക്കാരനായ ഇദ്ദേഹം വീണു പരിക്കേറ്റതിനെ തുടര്‍ന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആദ്യം കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വീട്ടിലേയ്ക്കു മടക്കിയിരുന്നു.
വീട്ടിലെത്തിയതിനു പിന്നാലെ രോഗം മൂര്‍ച്ഛിച്ചതോടെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു.
ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു സ്രവസാമ്പിള്‍ ശേഖരിച്ചു വീണ്ടും പരിശോധന നടത്തി. ഇതോടെയാണ് കൊവിഡ് ആണെന്നുറപ്പിച്ചത്. തുടര്‍ന്നു, ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം രണ്ടാമത്തും പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ചുങ്കം ചാലുകുന്നിലെ സിഎസ്‌ഐ പള്ളിയില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, പള്ളി അധികൃതര്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്നാണ് നഗരസഭയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നഗരസഭയുടെ മുട്ടമ്പലം വൈദ്യൂതി ശ്മാശനത്തില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബിജെപി നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. മൃതദേഹവുമായി ആരോഗ്യ വകുപ്പ് അധികൃതരും, പോലിസും, ജില്ലാ ഭരണകൂടവും സന്നദ്ധരായി എത്തിയപ്പോഴാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാരും നഗരസഭ അംഗം ടി എന്‍ ഹരികുമാറും രംഗത്ത് എത്തിയത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ നഗരസഭ അധികൃതര്‍ ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഹരികുമാറും സമരക്കാരും വഴങ്ങിയില്ല. തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും, നഗരസഭ അദ്ധ്യക്ഷ ഡോ.പി ആര്‍ സോനയും സ്ഥലത്ത് എത്തി. ഇതിനു ശേഷം നടത്തിയ ചര്‍ച്ചയില്‍ മരിച്ച ഔസേപ്പിന്റെ മൃതദേഹം മാത്രം ഇവിടെ സംസ്‌കരിക്കാനും ഇതിനു ശേഷം കൊവിഡ് ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ ഇവരുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കില്ലെന്നും നിലപാട് എടുത്തു. ചര്‍ച്ചയില്‍ ഇത് അംഗീകരിച്ച കൗണ്‍സിലര്‍ വിഷയം നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും നാട്ടുകാര്‍ ഇത് അംഗീകരിച്ചില്ല.
ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരം നടത്തില്ലെന്നു തീരുമാനിച്ചു. മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാനും. ജില്ലാ ഭരണകൂടം അടുത്ത ദിവസം സംസ്‌കാരം സംബന്ധിച്ചു തീരുമാനം എടുക്കുമെന്നും ധാരണയിലായി.