കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ നടപടി. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അസോഷ്യേറ്റ് പ്രഫസര്‍. ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സൂപ്രണ്ടിന് എഴുതിയ കത്തില്‍ പറയുന്നത്. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളായ നാലു വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്.
കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് എത്തിയതെങ്കിലും നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. പിഴവ് ചൂണ്ടിക്കാട്ടിയതോടെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞിരുന്നു. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.