കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥി സമരം; ആറ് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് നോട്ടിസ്

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷത്തിനെതിരേ 'ഇത് മതേതര ഇന്ത്യയാണ്' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയ വിദ്യാര്‍ഥിക്കും പിഴ

Update: 2024-06-13 11:20 GMT

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി(നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി)യില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ്. കാംപസിലെ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരം നടത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരേയാണ് അധികൃതരുടെ നടപടി. ഇതിനുപുറമെ, അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയുടെ ആഘോഷം കാംപസില്‍ നടത്തിയതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ ആഘോഷത്തിനെതിരേ 'ഇത് മതേതര ഇന്ത്യയാണ്' എന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട വൈശാഖ് പ്രേംകുമാറിനാണ് ആറ് ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. എബിവിപി പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ഇന്ത്യയുടെ മാപ്പ് കാംപസില്‍ വരച്ചിരുന്നു. സംഘപരിവാര ആഘോഷത്തെ തുടര്‍ന്ന് കാംപസില്‍ സംഘര്‍ഷമുണ്ടായതോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ സമരം കാരണം സ്ഥാപനത്തിന് നഷ്ടം സംഭവിച്ചെന്നും പണം അടയ്ക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. രാത്രി കര്‍ഫ്യൂ നടപ്പാക്കുന്നതിനെതിരെയും രാത്രി 11ന് കാന്റീന് അടച്ചിടുന്നതിനെതിരെയുമായിരുന്നു സമരം നടത്തിയത്. ഇതിന്റെ ഭാഗമായി എന്‍ഐടിയുടെ പ്രധാന കവാടം വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയും ഉദ്യോഗസ്ഥരെ കാംപസിലേക്ക് കടക്കാന്‍ അനുവദിക്കാതെ തടയുകയും ചെയ്തിരുന്നു. ഇതെല്ലാം സ്ഥാപനത്തിന് നഷ്ടം സംഭവിക്കാന്‍ കാരണമായെന്നാണ് എന്‍ ഐടി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Similar News