പാലക്കാട് എലപ്പുള്ളിയില്‍ ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടം; മരണം രണ്ടായി

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ യാത്രികനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദാണ് (67)മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോളാണ് മരണം.ഓട്ടോറിക്ഷ ഡ്രൈവറായ അബ്ബാസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഓട്ടോറിക്ഷ യാത്രക്കാരായ അബ്ബാസിന്റെ മാതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.