കിഴക്കന്‍ ജറുസലേമിലെ ആശുപത്രികള്‍ക്കായി 1.2 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് കുവൈത്ത്
അല്‍ മകാസിദ് ചാരിറ്റി ആശുപത്രി, അഗസ്റ്റ വിക്ടോറിയ (അല്‍മുത്‌ല) ആശുപത്രി, സെന്റ് ജോണ്‍ ഐ ആശുപത്രി എന്നിവയ്ക്കു കുവൈത്ത് ഫണ്ടിന്റെ പ്രയോജനം ലഭിക്കും.
ജറുസലേം: കിഴക്കന്‍ ജറുസലേമിലെ ഫലസ്തീനി ആശുപത്രികള്‍ക്കായി കുവൈത്ത് 1.2 കോടി ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ. അറബ് ഫണ്ട് ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് (എഎഫ്ഇഎസ്ഡി) വഴിയായിരിക്കും ഫണ്ട് ലഭ്യമാക്കുക.
അധിനിവിഷ്ട നഗരത്തിലെ 57 ലക്ഷം ഡോളറിന്റെ നിര്‍ദിഷ്ട പ്രോജക്റ്റുകളുടെ ഭാഗമായാണ് ഈ സാമ്പത്തിക വാഗ്ദാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അല്‍ മകാസിദ് ചാരിറ്റി ആശുപത്രി, അഗസ്റ്റ വിക്ടോറിയ (അല്‍മുത്‌ല) ആശുപത്രി, സെന്റ് ജോണ്‍ ഐ ആശുപത്രി എന്നിവയ്ക്കു കുവൈത്ത് ഫണ്ടിന്റെ പ്രയോജനം ലഭിക്കും.
ജറുസലേമില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഫലസ്തീനി സ്ഥാപനങ്ങള്‍ക്കും കുവൈത്ത് നല്‍കുന്ന പിന്തുണ മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇസ്രായേലി ആശുപത്രികളില്‍ ചികിത്സയ്ക്കായി വന്‍ തുക നല്‍കേണ്ടിവരുന്ന ജറുസലേം നിവാസികളുടെ നിലനില്‍പ്പിനും വലിയ സഹായമായിരിക്കുമെന്ന് ജെറുസലേം കാര്യങ്ങളില്‍ വിദഗ്ധനും വാദി അല്‍ഹില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടറുമായ ജവാദ് സിയാം പറഞ്ഞു.
പുണ്യനഗരത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണ നടപടികളെ അഭിമുഖീകരിക്കുന്ന ഫലസ്തീന്‍ നിവാസികള്‍ക്ക് സേവനം നല്‍കുന്ന നിരവധി സുപ്രധാന പദ്ധതികള്‍ ജറുസലേമില്‍ കുവൈറ്റ് നടപ്പാക്കിയിട്ടുണ്ടെന്നും സിയാം കൂട്ടിച്ചേര്‍ത്തു.
2014ല്‍ ഗാസ മുനമ്പിലെ ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്ന്, ഉപരോധിച്ച സ്ഥലത്ത് തകര്‍ന്ന വീടുകള്‍, ഫാക്ടറികള്‍, വാട്ടര്‍ പ്ലാന്റുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ 20 കോടി ഡോളര്‍ കുവൈത്ത് നല്‍കിയിരുന്നു.