ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പത്രപരസ്യം; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

പുതിയ പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്നാണ് ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ അവകാശപ്പെടുന്നത്.

Update: 2021-05-28 05:46 GMT

കൊച്ചി: പുതുതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ ലക്ഷദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം.പുതിയ പരിഷ്‌കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമാണെന്നാണ് ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ അവകാശപ്പെടുന്നത്. ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തില്‍ ഉള്ളത്.

അതേസമയം, ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തു. മലപ്പുറം സ്വദേശിയും കെപിസിസി സെക്രട്ടറിയുമായ കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹര്‍ജിക്കാര്‍. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിലവിലെ ഭരണപരിഷ്‌കാരങ്ങള്‍ പലതും ദ്വീപിന്റെ പാരമ്പര്യ സാംസ്‌കാരികത്തനിമയ്ക്ക് കോട്ടം വരുത്തുന്നതാണ്. കരട് നിയമത്തിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കല്‍ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഒരു വര്‍ഷം വരെ തടവിലിടാവുന്ന ഗുണ്ടാ ആക്ടുള്‍പ്പെടെ നടപ്പാക്കിയതും ഹര്‍ജികളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

അതിനിടെ, ലക്ഷദ്വീപില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസെടുത്തു. 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അതിനിടെ ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം തുടങ്ങി.സ്റ്റിയറിങ് കമ്മറ്റി രൂപികരിച്ച് ലീഗല്‍ സെല്‍ തയ്യാറാക്കാനാണ് തീരുമാനം. കമ്മിറ്റി അംഗങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണും. ദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

സ്റ്റിയറിങ്ങ് കമ്മറ്റിയിലെ അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ രാഷട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങള്‍ മാറ്റിവച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. ദ്വീപ് എം പിയായ മുഹമ്മദ് ഫൈസല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

മറ്റന്നാള്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. ഇതിനിടെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്ടര്‍ അഷ്‌ക്കറലിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. കില്‍ത്താന്‍ ദ്വീപില്‍ കളക്ടറുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.

ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിനും പ്രഫുല്‍ പട്ടേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടു. വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു. എയര്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍.

Tags:    

Similar News