കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ്
കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റു മൂന്നുപേര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്‍സിപി നേതാവാണ് മുഹമ്മദ് ഫൈസല്‍. ഫൈസലിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അടിപിടിക്കേസിലാണ് വിധി വന്നിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സഈദിന്റെ മകളുടെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എന്‍സിപി നേതാവായ ഫൈസല്‍. ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.