''യെമനെ ആക്രമിക്കാന്‍ യുഎസിനെ സഹായിക്കരുത്'' യുഎഇക്കും സൗദിക്കും മുന്നറിയിപ്പ് നല്‍കി സയ്യിദ് അബ്ദുല്‍മാലിക് അല്‍ ഹൂത്തി

സന്‍ആ: യെമനെ ആക്രമിക്കാന്‍ യുഎസിനെ സഹായിക്കരുതെന്ന് സൗദി അറേബ്യക്കും യുഎഇക്കും മുന്നറിയിപ്പ് നല്‍കി അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. നിലവില്‍ ഇസ്രായേലും യുഎസും മാത്രമാണ് യെമന്റെ ആക്രമ പരിധിയില്‍ ഉള്ളത്. മറ്റുള്ളവര്‍ക്ക് യെമന്‍ ഭീഷണിയല്ല. യുഎസിനെ സഹായിക്കുന്നതിനെ ഇസ്രായേലിനെ സഹായിക്കുന്നതായി ഞങ്ങള്‍ വിലയിരുത്തുമെന്നും സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.
യെമനെ ആക്രമിക്കാന്‍ സൗദിയോ യുഎഇയോ കൂട്ടുനിന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് വിദേശകാര്യവക്താവ് അബ്ദുല്ല അലി സബ്രിയും പറഞ്ഞു. യെമനെതിരായ ആക്രമണത്തിന് കൂട്ടുനില്‍ക്കുന്നത് ഇസ്രായേലിന് പിന്തുണ നല്‍കലാണ്. അത്തരം നടപടികളുണ്ടായാല്‍ ഒരിക്കലും മറക്കാനാവാത്ത തിരിച്ചടികള്‍ നല്‍കും. യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളാണ് യുഎഇയും സൗദിയും. മുന്‍കാല പരാജയങ്ങളില്‍ നിന്ന് അവര്‍ പാഠം പഠിക്കണമെന്നും അബ്ദുല്ല അലി സബ്രി പറഞ്ഞു.മാര്‍ച്ച് 18 മുതല്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിന് യെമനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.