ഇസ്രായേല്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ റോക്കറ്റ് ആക്രമണം അവസാനിപ്പിക്കാമെന്ന് ഹമാസ്

രണ്ട് നിബന്ധനകളോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള പരസ്പര വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്ന് തങ്ങള്‍ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്ന് ഫലസ്തീന്‍ മുന്‍ ആരോഗ്യ മന്ത്രിയും ഹമാസിന്റെ അന്താരാഷ്ട്ര റിലേഷന്‍ കൗണ്‍സില്‍ മേധാവിയുമായ ഡോ. ബസീം നെയിം പറഞ്ഞു.

Update: 2021-05-20 14:03 GMT

ഗസാ സിറ്റി: ഉപാധികളോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. സംഘടനയുടെ മുതിര്‍ന്ന ഭാരവാഹിയെ ഉദ്ധരിച്ച് എബിസി ന്യൂസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.രണ്ട് നിബന്ധനകളോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള പരസ്പര വെടിനിര്‍ത്തല്‍ അംഗീകരിക്കുമെന്ന് തങ്ങള്‍ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്ന് ഫലസ്തീന്‍ മുന്‍ ആരോഗ്യ മന്ത്രിയും ഹമാസിന്റെ അന്താരാഷ്ട്ര റിലേഷന്‍ കൗണ്‍സില്‍ മേധാവിയുമായ ഡോ. ബസീം നെയിം പറഞ്ഞു.

ഇസ്രയേല്‍ സൈന്യം അല്‍അഖ്‌സാ കോമ്പൗണ്ടിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിച്ച് കേന്ദ്രത്തെ ബഹുമാനിക്കണം. ഷെയ്ഖ് ജര്‍റാ പരിസരത്തെ ഫലസ്തീന്‍ നിവാസികളെ ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കം ഇസ്രായേല്‍ അവസാനിപ്പിക്കണം എന്നീ ഉപാധികളാണ് ഹമാസ് വെടിനിര്‍ത്തലിനായി മുന്നോട്ട് വച്ചത്. ഇത് ഹമാസ് അതോറിറ്റി പ്രതീക്ഷിക്കുന്ന ഒരു ഉപാധിയല്ലന്നും മറിച്ച് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതാണെന്നും ഡോ. ബസീം നയീം വ്യക്തമാക്കി.

അതേസമയം, വെടിനിര്‍ത്തലിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അകാലത്തിലുള്ള വെടിനിര്‍ത്തല്‍ ഹമാസിന് വിജയം നല്‍കലാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച വൈകീട്ട് എബിസി ന്യൂസിനോട് പറഞ്ഞു. 'ഈ തോല്‍വിയില്‍ നിന്ന് ഹമാസ് പുറത്തുവരണം.'

അതേസമയം, ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഗസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സയണിസ്റ്റ് ഭരണകൂടം ഫലസ്തീന്‍കാര്‍ക്ക് നേരെ നടത്തിവരുന്ന ബോംബാക്രമണം അവസാനിപ്പിക്കാനുള്ള ആഹ്വാനത്തെ തീവ്ര വലതുപക്ഷ നേതാവ് നിരസിച്ചു.

മെയ് 10 ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ 65 കുട്ടികള്‍, 35 സ്ത്രീകള്‍, 16 വൃദ്ധര്‍ എന്നിവരുള്‍പ്പെടെ 230 ല്‍ അധികം ആളുകള്‍ മരിക്കുകയും 1,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News