ഗോഡ്‌സേ പരാമര്‍ശം: അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് കമല്‍ഹാസന്‍
താന്‍ അറസ്റ്റിനെ ഭയക്കുന്നില്ല, അവര്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ. അവര്‍ അങ്ങനെ ചെയ്താല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: സ്വതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സേയാണെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇത് ചരിത്രത്തിലുള്ള കാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആദ്യമായല്ല ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അറസ്റ്റിനെ ഭയക്കുന്നില്ല, അവര്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ. അവര്‍ അങ്ങനെ ചെയ്താല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.
മോദിയുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും ചരിത്രം അദ്ദേഹത്തിന് മറുപടി നല്‍കുമെന്നും ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സംസ്‌കാരവും പരിമിതമായ അറിവും വെച്ച് ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ അയാള്‍ ഒരിക്കലും ഹിന്ദു അല്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ട്രിച്ചിയിലെ റാലിയിലുണ്ടായ കല്ലേറിനെ കുറിച്ചും കമല്‍ഹാസന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരം വളരെയധികം കുറഞ്ഞതായും ഈ ഭീഷണി തനിക്ക് നേരെ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതത്തിലും ഭീകരതയുണ്ട്, വിശുദ്ധരാണെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല. എല്ലാ മതത്തിലും തീവ്രവാദികള്‍ ഉണ്ടെന്ന് ചരിത്രം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ പൂര്‍ണ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു, സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചാണ്. ഇത് എല്ലാ വിഭാഗത്തിലും എത്തിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ബിജെപിയും എഐഎഡിഎംകെയും പ്രസ്താവനയെ അപലപിച്ചപ്പോള്‍ കോണ്‍ഗ്രസും ദ്രാവിഡര്‍ കഴകവും കമല്‍ഹാസന് പിന്തുണ നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് കമലഹാസനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇത് യഥാക്രമം മതപരമായ വികാരങ്ങളെ ഉണര്‍ത്തുകയും വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയിലെ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന കുറ്റങ്ങളാണ്.