തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക 17ന് പ്രസിദ്ധീകരിക്കും

കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Update: 2020-06-08 10:46 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക ജനുവരി 20ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ച്ചയായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്. പൊതു തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ ആരംഭിച്ചു. 17ന് പ്രസിദ്ധീകരിക്കന്ന അന്തിമ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പോളിങ് സ്‌റ്റേഷനുകളില്‍ ആവശ്യമായ ക്രമീകരണം വരുത്തണം. കരട് പട്ടിക സംബന്ധിച്ച് ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളവ 15 നകം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അത്തരം അപേക്ഷകള്‍ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവ നാളെ മുതല്‍ 11 വരെ വോട്ടര്‍മാര്‍ക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരം കൂടി നല്‍കും. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാണ് പേര് ചേര്‍ക്കുന്നതിനും ഭേദഗതികള്‍ വരുത്തുന്നതിനും അവസരം നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ളവര്‍ക്കെല്ലാം വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അവസരം ലഭിക്കും. 

Tags:    

Similar News