'ലോഗോ'കീഴടക്കാന്‍ പ്രദീപ് കുമാര്‍

മലപ്പുറത്ത് നടക്കുന്ന എഴുപത്തഞ്ചാമത് സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്തതോടെയാണ് കേച്ചേരി പെരുമണ്ണ് സ്വദേശി വി ജി പ്രദീപ് കുമാര്‍ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനാകുന്നത്.

Update: 2022-04-14 16:50 GMT

തൃശൂര്‍: 'ലോഗോ' എവിടെയുണ്ടോ അവിടെയുണ്ട് പ്രദീപ് കുമാര്‍ എന്ന് കൂട്ടുകാര്‍ പറയുന്നത് തമാശയായല്ല. ലോഗോ മനോഹരമായി രൂപകല്‍പ്പന ചെയ്യുന്നതില്‍ പ്രദീപ്കുമാറിന്റെ മിടുക്ക് തിരിച്ചറിഞ്ഞ് തന്നേയാണ് അവരുടെ കമ്മന്റ്.സ്‌കൂള്‍ കലോല്‍സവങ്ങള്‍, സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍, ഗ്രാമോല്‍സവങ്ങള്‍, ഫുട്‌ബോള്‍ മേളകള്‍ തുടങ്ങി പ്രദീപിന്റെ 'ലോഗോ'ത്തര കല ശ്രദ്ധേയമാകാത്ത മേഖലയില്ലെന്ന് തന്നെ പറയാം.


മലപ്പുറത്ത് നടക്കുന്ന എഴുപത്തഞ്ചാമത് സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്‍പന ചെയ്തതോടെയാണ് കേച്ചേരി പെരുമണ്ണ് സ്വദേശി വി ജി പ്രദീപ് കുമാര്‍ സംസ്ഥാന തലത്തില്‍  ശ്രദ്ധേയനാകുന്നത്. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതാണ് ഭാഗ്യ ചിഹ്നം. പന്തുമായി കുതിക്കുന്ന കളിക്കാരനെ ഇളം പച്ച നിറത്തില്‍ കുരുത്തോല മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊവിഡ് അടച്ചുപൂട്ടലിന്റെ ദുരിതകാലം കടന്ന് സമൃദ്ധിയിലേക്ക് കരുത്തോടെയും ഉണര്‍വോടെയും കുതിക്കുന്ന ജനത എന്നതാണ് ആശയം.

നേരത്തെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ലോകോ രൂപകല്‍പന ചെയ്തും പ്രദീപ് കുമാര്‍ ശ്രദ്ധേയനായിരുന്നു.


പ്രദീപിനെ തേടി 'ലോഗോ' മല്‍സരങ്ങള്‍

ലോഗോ മല്‍സരങ്ങള്‍ ഏതായാലും പെരുമണ്ണ് സൗപര്‍ണിക ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ പ്രദീപ്കുമാറുണ്ടാകും. മല്‍സരങ്ങള്‍ പ്രദീപിനെ തേടിയെത്തുകയായിരുന്നു എന്ന് തന്നെ പറയാം. ലോഗോ മല്‍സരങ്ങളുടെ അറിയിപ്പ് ഏതെങ്കിലും മാധ്യമങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൂട്ടുകാരോ പരിചയക്കാരോ ഉടന്‍ പ്രദീപിന് അയച്ചു കൊടുക്കും. പലപ്പോഴും ഇതുപോലെ ആരെങ്കിലും അറിയിച്ചാണ് ലോഗോ മല്‍സരങ്ങള്‍ പങ്കെടുത്തതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.


 



കുന്നംകുളം ഉപജില്ലാ സ്‌കൂള്‍ കലോത്സവം 2012, 2019, തൃശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവം 2012, തൃശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രാത്സവം 2012-2013,

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 2019, ജോണ്‍ അബ്രഹാം ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2019, K.S.K.T.U തൃശൂര്‍ ജില്ലാ സമ്മേളനം 2019 തുടങ്ങിയവയ്‌ക്കെല്ലാം ലോഗോ രൂപകല്‍പന ചെയ്തത് പ്രദീപ് കുമാറാണ്.



ആലത്തൂര്‍ മുന്‍ എംപി പി കെ ബിജുകുമാറിന്റെ ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി, ജില്ലാ പഞ്ചായത്തിന്റെ പാറന്നൂര്‍ ചിറ ടൂറിസം ലോഗോയും ചെയ്തു. സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ കമ്പനികള്‍ക്കും ലോഗോ രൂപകല്‍പന ചെയ്ത പ്രദീപ് പരസ്യരംഗത്ത് സ്വതന്ത്ര ഡിസൈനറാണ്. സിനിമ ഡിസൈനര്‍ സാബു കോളോണിയയുടെ ശിഷ്യനാണ്.

കുട്ടിക്കാലത്ത് തുടങ്ങിയ കലാജീവിതം

ചെറുപ്പം മുതലെ ചിത്രകലയോടുള്ള താല്‍പര്യമാണ് പ്രദീപ് കുമാറിനെ ഈ മേഖലയില്‍ എത്തിച്ചത്. കുടുബത്തിലോ മറ്റു ബന്ധുക്കളിലോ ഈ രംഗത്ത് ശ്രദ്ധേയരായ മറ്റാരുമില്ലെന്ന് തന്നെ പറയാം. ചെറുപ്പം മുതല്‍ ചിത്രങ്ങള്‍ വരക്കും. സ്‌കൂളില്‍ കിട്ടിയിരുന്ന ഡ്രോയിങ് ബുക്കിലും മറ്റും വരച്ചാണ് പഠിച്ചതെന്ന് പ്രദീപ് പറഞ്ഞു. ഏത് മേഖലയിലേക്ക് പോയാലും ഒരു കലാകാരന്‍ കലാ രംഗത്തേക്ക് തന്നെ തിരിച്ചുവരുമെന്ന് പ്രദീപ് കുമാര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന മേഖലയില്‍ ജോലി ലഭിച്ചിട്ടും കലാരംഗത്തേക്ക് തിരിച്ചെത്തണം മോഹത്തിലാണ് കഴിഞ്ഞത്. പ്രവാസിയായിരുന്ന കാലത്തും നാട്ടിലേക്ക് തിരിച്ചെത്തി ചിത്ര വരയില്‍ സജീവമാകുന്നത് തന്നേയാണ് സ്വപ്‌നം കണ്ടിരുന്നത്. അതിനിടയിലാണ് ലോഗോ രൂപകല്‍പന ചെയ്യുന്ന രംഗത്ത് അധികം കലാകാരന്‍മാരില്ല എന്ന് ബോധ്യപ്പെട്ടത്. നിരവധി കഴിവുള്ള കലാകാരന്‍മാരുണ്ടെങ്കിലും ലോഗോ രൂപകല്‍പന ചെയ്യുന്നതിന് ആരും തയ്യാറാവാറില്ല. ഏത് രംഗത്ത് ഉള്ളത് പോലെ തന്നെ കലാരംഗത്തും മല്‍സര സാധ്യതകളുണ്ട്. ലോഗോ രൂപകല്‍പന കുറച്ച് ബുദ്ധിമുട്ടുള്ള കലാമേഖലയാണ്. കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നത് കൊണ്ടും മിക്ക കലാകാരന്‍മാരും അതിന് തയ്യാറാവാറില്ല. സ്വന്തം കഴിവും താല്‍പര്യവും പ്രകടിപ്പിക്കാന്‍ ഈ മേഖലയില്‍ തന്നെ നില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് കുന്നംകുളം ഉപജില്ലാ കലോല്‍സവത്തിന് ലോഗോ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യമായി ചെയ്ത ലോഗോ തന്നെ സംഘാടകര്‍ക്ക് ഇഷ്ടമാവുകയും തിരഞ്ഞെടുക്കുകയും ചെയ്തതോടെ ഈ മേഖലയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വിവിധ മേളകള്‍ക്ക് അയച്ചു കൊടുത്ത ലോഗോകള്‍ എല്ലാം തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം മുതല്‍ പെന്‍സില്‍ കളര്‍, വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍ മേഖലകളില്‍ ശ്രദ്ധിക്കാറുണ്ട്. സ്‌കൂള്‍ തലത്തിലും നാട്ടിലും പ്രദീപ് വരച്ച ചിത്രങ്ങള്‍ പ്രശംസ പിടിച്ചു പറ്റി. കോളജില്‍ പഠിക്കുമ്പോള്‍ മാതൃഭൂമിയുടെ കലാശാലയിലേക്ക് അയച്ചുകൊടുത്ത കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചു വന്നു. രാഷ്ട്ര ദീപിക ഉള്‍പ്പടേയുള്ള പത്രങ്ങളിലും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു വന്നു. വീട്ടുകാര്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ നല്‍കിയ പിന്തുണയും പ്രോല്‍സാഹനവും തന്നേയാണ് ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തിയത്. പ്രദീപ് കുമാര്‍ പറഞ്ഞു.

Tags:    

Similar News