ഷാജന്‍ സ്‌കറിയെ പിടികിട്ടാപ്പുള്ളി; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പോലിസ്
കൊച്ചി: വിവിധ കേസുകളില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ 'മറുനാടന്‍ മലയാളി' ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കൊച്ചി സിറ്റി പോലിസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി വെളളിയാഴ്ച മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരേ വ്യാജവാര്‍ത്ത നല്‍കി, വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസെടുത്തത്.
വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലും ഷാജന്‍ ഹാജരായിരുന്നില്ല. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫിസില്‍ ഹാജരാകാന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഇഡി നോട്ടീസ് അയച്ചത്. കോട്ടയത്തെ വീട്ടിലെ വിലാസത്തില്‍ അയച്ച നോട്ടീസ് കൈപ്പറ്റാത്തതിനാലാണ് ഷാജന്‍ സ്‌കറിയ ഹാജരാകാത്തതെന്നാണ് സൂചന. കൈപ്പറ്റാത്തതിനാല്‍ ഷാജന് ഇഡി വീണ്ടും നോട്ടീസ് അയക്കും. ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാവണമെന്നാണ് ഇഡിയുടെ നോട്ടീസില്‍ പറയുന്നത്.