'നിരവധി പരാതികള്‍ നല്‍കി, ഒന്നിലും നടപടിയുണ്ടായില്ല'; തുറന്നടിച്ച് ഷമ്മി തിലകന്‍

Update: 2024-08-23 15:00 GMT

കൊച്ചി: ഹേമാ കമ്മിറ്റി റിപോര്‍ട്ട് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടെ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ് നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി നടന്‍ ഷമ്മി തിലകന്‍. ആരും പരാതി നല്‍കിയിട്ടില്ലെന്ന പ്രസ്താവനയ്‌ക്കെതിരേയാണ് ഷമ്മി തിലകന്‍ രംഗത്തെത്തിയത്. 'അമ്മ'യില്‍ ചട്ടവിരുദ്ധതയുണ്ടെന്നും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒന്നിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികളുടെ കണക്കെടുത്താല്‍ ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ എന്ന പേരില്‍ തനിക്ക് ഒരു പുസ്തകം തന്നെ എഴുതാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഞാന്‍ 'അമ്മ'യ്ക്ക് ഒരു റിപോര്‍ട്ട് കൊടുത്തിരുന്നു. ഹേമാ കമ്മറ്റി റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെയാണ് അതിലും പറഞ്ഞത്. അച്ഛനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാനകാരണം ഉള്ളിലെ കാര്യങ്ങള്‍ പുറത്തുപറഞ്ഞു എന്നതാണ്. അതിനാല്‍ ഞാന്‍ സംഘടനയില്‍ തന്നെ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. സഹോദരി പറഞ്ഞ പ്രശ്‌നത്തില്‍ സംഘടനയില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്റെ കുടുംബത്തില്‍ കയറി പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും നിലയ്ക്ക് നിര്‍ത്തണമെന്നുമായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷേ, മറുപടിയോ നടപടിയോ ഉണ്ടായില്ല. ഒരാളുടെ കഞ്ഞിയിലും പാറ്റയിടാന്‍ ഞാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News